കുവൈത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ വർധിക്കുന്നു, പിഴ വർധിപ്പിക്കാൻ സാധ്യത

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങൾ കർശ്ശനമാക്കിയിട്ടും നിയമ ലംഘനങ്ങളിൽ വർധനവ്. ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട സ്ഥിതി വിവര കണക്ക്‌ പ്രകാരം 15 ആയിരം ഗതാഗത നിയമലംഘനങ്ങളാണു രാജ്യത്ത്‌ പ്രതി ദിനം നടക്കുന്നത്‌. അതായത്‌ മണിക്കൂറിൽ ശരാശരി 625 നിയമലംഘനങ്ങൾ എന്ന തോതിലാണ് ആളുകൾ നിയമം ലംഘിക്കുന്നത്. ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ഈ വർഷം ആരംഭം മുതൽ ഇന്നലെ വരെയായി ഏകദേശം നാൽപത് ലക്ഷത്തോളം വിവിധ ഗതാഗത നിയമലംഘനങ്ങളാണു രേഖപ്പെടുത്തിയിരിക്കുന്നത്‌ ഇതിൽ 15 ലക്ഷം നേരിട്ടുള്ളതും 25 ലക്ഷം പരോക്ഷമായ നിയമ ലംഘനങ്ങളുമാണ്. ട്രാഫിക് നിയമ ലംഘകരിൽ പുരുഷന്മാരാണു ഭൂരിഭാഗവും.പുരുഷന്മാർക്കെതിരെ 13 ലക്ഷം നിയമ ലംഘനമാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്‌.അതേസമയം സ്ത്രീകൾക്കെതിരായ നേരിട്ടുള്ള നിയമ ലംഘനങ്ങളുടെ എണ്ണം 2 ലക്ഷം ആണെന്നും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു. കൂടാതെ സ്ഥാപനങ്ങളുടെ പേരിലുള്ള വാഹനങ്ങളുടെ പേരിൽ ഒന്നര ലക്ഷം നിയമ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട് .ഏറ്റവും അധികം നിയമ ലംഘനം അമിത വേഗതയുടെ പേരിലാണ് . 23 ലക്ഷം നിയമ ലംഘനമാണു അമിത വേഗതയുടെ പേരിൽ ഈ വർഷം ഇന്നലെ വരെയായി രേഖപ്പെടുത്തിയിരിക്കുന്നത്‌. സിഗ്നൽ മറികടക്കൽ , എമർജ്ജൻസി പാതയിലൂടെ വാഹനമോടിക്കൽ മുതലായ കുറ്റങ്ങളാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌. വിവിധ കുറ്റങ്ങളിൽ മുപ്പതിനായിരത്തോളം വാഹനങ്ങൾ ഗവണ്മെന്റ് പിടിച്ചെടുത്തിട്ടുണ്ട് . കഴിഞ്ഞ വർഷം ആകെ 68 ലക്ഷത്തി 80 ആയിരം നിയമ ലംഘനങ്ങളാണു രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ച പഠനങ്ങളിൽ 94 ശതമാനം റോഡ്‌ അപകടങ്ങളും ഡ്രൈവർമ്മാരുടെ ശ്രദ്ധക്കുറവ്‌ മൂലമാണു സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്‌. ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതാണു മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്‌. ഇത്തരത്തിൽ ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും 20 വയസ് മുതൽ 31 വയസ്സിനിടയിലുള്ള സ്ത്രീകളാണെന്നും സ്തിഥി വിവര കണക്കിൽ ചൂണ്ടിക്കാട്ടുന്നു.ഗതാഗത നിയമ ലംഘനങ്ങൾക്ക്‌ പിഴ വർദ്ധിപ്പിക്കണമെന്ന കാര്യം മന്ത്രാലയത്തിന്റെ പരിഗണനയിലാണു.മറ്റു ഗൾഫ്‌ നാടുകളെ അപേക്ഷിച്ച്‌ നിലവിൽ കുവൈത്തിലാണു ഏറ്റവും ചുരുങ്ങിയ പിഴ സംഖ്യ ഈടാക്കുന്നത്‌. പിഴ വർധിപ്പിക്കുന്നതിലൂടെ ട്രാഫിക് നിയമ ലംഘനങ്ങൾ ഒരു പരിധി വരെ തടയാമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ