ആയിരക്കണക്കിന് പ്രവാസികൾ താമസിക്കുന്ന കുവൈത്തിലെ “ജലീബ് ശുദ്ധീകരണ ദൗത്യം” ഉടൻ :താമസക്കാരെ ഒഴിപ്പിച്ചേക്കും

 

കുവൈറ്റ് സിറ്റി  :

കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനായി മുന്‍സിപാലിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.നവംബർ 15 മുതൽ അതി ശക്തമായ സുരക്ഷാ പരിശോധന ആരംഭിക്കുമെന്നാണ് സൂചനകൾ. ആഭ്യന്തര മന്ത്രാലയം , മുൻസിപ്പാലിറ്റി , മനുഷ്യ വിഭവ ശേഷി സമിതി വാണിജ്യ മന്ത്രാലയം, എന്നീ നാലു സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിലായിരിക്കും പരിശോധന. നിലവിൽ ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.മുമ്പ് ഇത്തരത്തിൽ നടത്തിയ ഓപ്പറേഷനിലൂടെ ആയിരക്കണക്കിന് പ്രവാസികളെ സർക്കാർ നാടുകടത്തിയിരുന്നു. പുതിയ ദൗത്യത്തിന് മുന്നോടിയായി രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത്‌ നിരീക്ഷണം നടത്തി .പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ ഘടന , പരിശോധനാ വേളയിൽ നിയമ ലംഘകർ ഒളിച്ചിരിക്കാൻ സാധ്യതയുള്ള കെട്ടിടങ്ങൾ , വഴിയോര കച്ചവടക്കാരുടെ ഗോഡൗണുകൾ , അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ മുതലായവയുടെ വിശദാംശങ്ങളാണു രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു വരുന്നത്‌. വിസാ കാലാവധി കഴിഞ്ഞു രാജ്യത്തു കഴിയുന്നവർ , പുറം ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ, സ്പോൺസറുടെ കീഴിൽ അല്ലാതെ ജോലിചെയ്യുന്നവർ, വഴിയോരകച്ചവടക്കാർ , അനധികൃതമായി സ്ഥാപനങ്ങൾ നടത്തുന്നവർ , കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ മുതലായ വിഭാഗത്തിൽ പെട്ടവരെയാണു പരിശോധനയിൽ ലക്ഷ്യമിടുന്നത്‌.പിടിയിലാകുന്നവരെ പോലീസിന് കൈമാറുന്നതിന് പകരം വിരലടയാളമെടുത്ത്‌ നേരിട്ട്‌ നാടുകടത്തൽ കേന്ദ്രത്തിലേക്ക്‌ ആയിരിക്കും മാറ്റുക.