കുവൈറ്റ് സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയ പള്ളി ‘സാന്തോം ഫെസ്റ്റ് 2019’ ഒക്ടോബര്‍ 25 ന്

കുവൈറ്റ് സിറ്റി :  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ മധ്യ പൂര്‍വ്വ ഏഷ്യയില്‍ പ്രവര്‍ത്തിക്കുന്ന പുരാതന ദേവാലയങ്ങളില്‍ ഒന്നായ 1934 ല്‍ കുവൈറ്റില്‍ സ്ഥാപിതമായ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയ പള്ളിയുടെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലായ ‘സാന്തോം ഫെസ്റ്റ് 2019’ ഒക്റ്റോബര്‍ 25 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ ഫഹാഹീലിലുള്ള ഇന്റര്‍നാഷണല്‍ ബ്രിട്ടീഷ് സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു.
പൊതുസമ്മേളനം മാര്‍ത്തോമാ സുറിയാനി സഭയുടെ കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ. ഫാ. അനില്‍ കെ വര്‍ഗീസ് അധ്യക്ഷത വഹിക്കും. വിവിധ സാമുദായിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
ആദ്ധ്യാത്മീയ പ്രസ്ഥാനങ്ങളുടെയും ഇടവകാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും പ്രശസ്ത പിന്നണി ഗായകരായ പ്രദീപ്‌ ബാബുവും ഗായത്രി സുരേഷും നയിക്കുന്ന ഗാനമേളയും (മ്യൂസിക്കല്‍ ഫിയസ്റ്റ), പ്രമുഖ നാടന്‍പാട്ട് കലാകാരിയായ പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ടും ഈജിപ്ഷ്യന്‍ നാടോടി നൃത്തമായ തനൂറയും പരിപാടികള്‍ക്ക് മിഴിവേകും.
തനത് നാടന്‍ രീതിയില്‍ തയാറാക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ വിതരണ ശാലകള്‍ സന്തോം ഫെസ്റ്റിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.
വികാരി റവ. ഫാ. അനില്‍ കെ വര്‍ഗീസ്‌, ജനറല്‍ കണ്‍വീനര്‍ നൈനാന്‍ ചെറിയാന്‍, കോ – കണ്‍വീനര്‍ വര്‍ഗീസ്‌ എബ്രഹാം, ട്രസ്റ്റി പോള്‍ വര്‍ഗീസ്‌, സെക്രട്ടറി ബോബന്‍ ജോര്‍ജ്ജ് ജോണ്‍, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ ബിബിന്‍ കുറ്റിക്കണ്ടത്തില്‍, മനു മോനച്ചന്‍, വിനോദ് ഇ വര്‍ഗീസ്‌, നിര്‍മ്മല്‍ കോശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.