വിസാ നിയമങ്ങളിൽ വൻ മാറ്റവുമായി കുവൈത്ത് :സന്ദർശക വിസയിൽ എത്തുന്നവർക്ക് മറ്റ് മേഖലകളിലേക്ക് വിസാ മാറ്റം അനുവദിച്ചു

കുവൈറ്റ്സിറ്റി :  വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന വിധം വിസാ നിയമങ്ങളില്‍ കാതലായ മാറ്റങ്ങളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
കുവൈത്തിൽ സന്ദർശ്ശക വിസയിൽ എത്തുന്നവർക്ക്‌ രാജ്യത്ത് നിന്നുകൊണ്ട് തന്നെ മറ്റു മേഖലകളിലേക്ക്‌ നിബന്ധനകളോടെ വിസ മാറ്റം അനുവദിച്ച്‌ കൊണ്ടുള്ളതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. പുതിയ ഉത്തരവ് പ്രകാരം സന്ദർശ്ശക വിസയിൽ രാജ്യത്ത്‌ എത്തുന്നവർക്ക്‌ ഗാർഹിക മേഖലയിലേക്ക്‌ മാറ്റം അനുവദിക്കും.
വിസ, ഫീസ്‌ നിരക്കിൽ വർദ്ധനവ്‌ വരുത്താതെയാണു പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്. പുതിയ ഉത്തരവുകള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
സന്ദർശ്ശക വിസയിലോ വിനോദ സഞ്ചാര വിസയിലോ എത്തുന്നവർക്ക്‌ മന്ത്രാലയത്തിന്റെ നിശ്ചിത മാനദണ്ഠങ്ങൾക്ക്‌ വിധേയമായി ആശ്രിത വിസയിലേക്കുള്ള മാറ്റവും അനുവദിക്കും.
തൊഴിൽ വിസയിൽ രാജ്യത്ത്‌ പ്രവേശിച്ച് , വിസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്കു ഒരു മാസത്തിനകം സന്ദർശ്ശക വിസയിൽ തിരിച്ചെത്തിയാൽ തൊഴിൽ വിസയിലേക്ക്‌ മാറ്റം അനുവദിക്കും.
വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക്‌ രാജ്യത്തെ സർക്കാർ, സ്വകാര്യ സർവ്വകലാ ശാലകളിൽ പഠന വിസ അനുവദിക്കാനും തീരുമാനമായി. ഒരു മാസത്തേക്കുള്ള മൾടി എന്റ്രി വിസ ഒരു വർഷം വരെ നീട്ടി നൽകും. ഇതിനായി സർക്കാർ സർവ്വകലാ ശാലയിൽ നിന്നോ അല്ലെങ്കിൽ സ്വകാര്യ സർവ്വകലാ ശാലയിൽ നിന്നോ നൽകുന്ന പഠന യോഗ്യത സർട്ടിഫിക്കേറ്റ്‌ ഹാജരാക്കിയാല്‍ മതിയാകും .
വിസാ കാലാവധി കഴിഞ്ഞവർക്കുള്ള താൽക്കാലിക വിസയുടെ കാലാവധി ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ പരമാവധി 3 മാസമായി പരിമിതപ്പെടുത്തിയെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ താല്‍ക്കാലിക വിസ (എക്സിറ്റ്) ഒരു വര്‍ഷം വരെ അനുവദിക്കാനും തീരുമാനമായി. ഈ കാലയളവിൽ താമസ രേഖ പുതുക്കുവാനോ മറ്റൊരു സ്പോൺസർ ഷിപ്പിലേക്ക്‌ മാറ്റുവാനോ സാധിക്കാതെ വന്നാൽ രാജ്യം വിടേണ്ടി വരും.
രാജ്യത്ത്‌ സന്ദർശ്ശകരെ ആകർഷിക്കുന്നതിനായി വിസ ചട്ടങ്ങളിൽ കാതലായ പല മാറ്റങ്ങളും വരുത്തികൊണ്ടാണു ആഭ്യന്തര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹ്‌ അൽ സബാഹ്‌ പുറപ്പെടുവിച്ച ഉത്തരവ്.
രാജ്യത്തെ സർക്കാർ ആശുപത്രികളിലോ , സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലോ ചികിൽസ തേടി എത്തുന്നവർക്കും ഒപ്പം വരുന്ന ആള്‍ക്കും പ്രവേശന വിസകള്‍ അനുവദിക്കുന്നതാണു പുതിയ നിയമത്തിലെ മറ്റൊരു പ്രധാന തീരുമാനം.
ഇതിനായി അപേക്ഷകൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നോ സർക്കാർ അംഗീകരിച്ച ആശുപത്രികളിൽ നിന്നോ ഉള്ള സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ് .
ഹോട്ടൽ , അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന വിദേശികളുടെ വിശദാംശങ്ങൾ 48 മണിക്കൂറിനകം താമസ കാര്യ സമിതി കേന്ദ്രത്തിൽ ജീവനക്കാർ അറിയിക്കേണ്ടതാണെന്നും പുതിയ ഉത്തരവില്‍ പറയുന്നു .
കുവൈറ്റില്‍ തൊഴില്‍ ഉടമയ്ക്കും തൊഴില്‍ അന്വേഷകര്‍ക്കും ഒരേപോലെ സന്തോഷം നല്കുന്നതാണ് പുതിയ വാര്‍ത്ത. തൊഴില്‍ മേഖലയില്‍ വന്‍ കുതിച്ചുകയറ്റത്തിനും ഇത് ഇടയാക്കും.