ഗതാഗത മേഖലയിൽ പുതിയ മാറ്റത്തിനൊരുങ്ങി കുവൈത്ത് : പ്രവാസികളുടെ ഇഖാമ കാലാവധി കഴിഞ്ഞാൽ ഡ്രൈവിങ് ലൈസൻസും റദ്ദാകും

കുവൈറ്റ് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഇഖാമയുമായി ബന്ധിപ്പിക്കാൻ കുവൈത്തില്‍ ഗതാഗത വകുപ്പ് പദ്ധതി. ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്. ലൈസൻസ് വിതരണം ഇലക്ട്രോണിക്സ് കിയോസ്കുകൾ വഴിയാക്കിയതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്കരണത്തിനൊരുങ്ങുന്നത്.ഇതുസംബന്ധിച്ച സൂചനഗതാഗത വകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് നൽകിയത്. ഡ്രൈവിങ് ലൈസന്‍സിന്റെയും ഇഖാമയുടെയും കാലാവധി തമ്മിൽ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്. വിദേശികളുടെ ലൈസൻസ് കാലവധി അഞ്ചുവർഷമാക്കാനും പദ്ധതിയുണ്ട്. ഇതിനിടയിൽ ഇഖാമ കാലാവധി അവസാനിച്ചാൽ ലൈസൻസും റദ്ദാകും.ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയുണ്ടെങ്കിൽ അടച്ചുതീർക്കാതെ ഇഖാമ പുതുക്കാനും കഴിയില്ല. ഡ്രൈവിങ് ലൈസൻസ് അപേക്ഷയും പുതുക്കലും ഓൺലൈൻ വഴിയാക്കി ഒരു മാസം തികയും മുമ്പാണ് ലൈസൻസുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പരിഷ്കരണത്തിനു കളമൊരുങ്ങുന്നത്.