പ്രവാസികളായ അനധികൃത താമസക്കാരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരം കവിഞ്ഞു:ഉടൻ നാട് കടത്താൻ ഒരുങ്ങി കുവൈത്ത്

കുവൈത്ത്‌ സിറ്റി :രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപതിനായിരം കവിഞ്ഞതായി താമസ കാര്യ വകുപ്പ് വ്യക്തമാക്കി.ആഭ്യന്തര വകുപ്പിന്റെ നേതൃത്തത്തിലുള്ള ഓപ്പറേഷനിലൂടെ ഇവരെ ഉടൻ നാട് കടത്തുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാമുകൾ, വ്യാവസായിക മേഖലകൾ തുടങ്ങിയവ കേന്ദ്രീകരിച്ച്‌ സുരക്ഷാ പരിശോധന കർശനമാക്കുവാനാണ് മന്ത്രാലയം ആലോചിക്കുന്നത്‌.ഇതിനു പുറമേ താമസ നിയമം ലംഘിക്കുന്ന പ്രവാസികളുടെ സ്പോൺസർ ഷിപ്പിലുള്ള കുടുംബാംഗങ്ങൾ രാജ്യത്ത്‌ ഉണ്ടെങ്കിൽ അവരുടെ താമസാനുമതി പുതുക്കി നൽകാതിരിക്കാനും കുടുംബാങ്ങളിൽ ആരെങ്കിലും താമസ നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ താമസ രേഖ ശരിപ്പെടുത്തുന്നത്‌ വരെ സ്പോൺസർഷിപ്പിലുള്ള എല്ലാ അംഗങ്ങൾക്കും താമസരേഖ പുതുക്കി നൽകാത്തിരിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
അതേ പോലെ ഗാർഹിക വിസയിൽ വിസാ കാലാവധി കഴിഞ്ഞു രാജ്യത്ത്‌ തങ്ങുന്നവരുടെ സ്പോൺസർമ്മാർക്ക്‌ എതിരെയും നടപടി സ്വീകരിക്കും.ഇത്തരം സ്പോൺസർമ്മാരുടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും വിലക്ക്‌ ഏർപ്പെടുത്തുവാനും ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. സന്ദർശ്ശക വിസയിൽ എത്തുന്ന പ്രവാസികളുടെ ഭാര്യ , കുട്ടികൾ എന്നിവരുടെ താമസ കാലാവധി മൂന്നു മാസം പൂർത്തിയായാൽ യാതൊരു കാരണ വശാലും കാലാവധി നീട്ടി നൽകരുതെന്നും രാജ്യത്തെ മുഴുവൻ പാസ്പോർട്ട്‌ കാര്യാലയങ്ങൾക്കും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട് . അതേ പോലെ സന്ദർശ്ശക വിസയിൽ എത്തുന്ന മാതാവ്‌ , പിതാവ്‌ , സഹോദരങ്ങൾ മുതലായ കുടുംബാങ്ങങ്ങളുടെ താമസ കാലാവധി ഒരു മാസത്തിൽ അധികം നീട്ടി നൽകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.