ഇന്ത്യയിൽ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് ഒരുങ്ങുന്നു

 

കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു. ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്ന് 700ലേറെ നഴ്സുമാരെ കൊണ്ടുവരാനാണ് തീരുമാനമെന്ന് പ്രദേശിക പത്രം റിപ്പോർട്ടുചെയ്തു. സ്ഥിര നിയമനത്തിന് പകരം കരാർ വ്യവസ്ഥയിലാകും നിയമനം.വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ കുവൈത്ത് നിയമിക്കുന്നത്. ജനുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്മെൻറ്.
കുറച്ചുപേരെ ആരോഗ്യ മന്ത്രാലയം നേരിട്ടും ബാക്കിയുള്ളവരെ കരാർ കമ്പനികൾ വഴിക്കുമാണ് കൊണ്ടുവരുന്നത്.വികസിപ്പിച്ച സബാഹ് ആശുപത്രി, പകർച്ചരോഗ ആശുപത്രി, ക്ലിനിക്കുകൾ എന്നിവയിലേക്കാണ് നഴ്സുമാരെ ആവശ്യമുള്ളത്. സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. കരാർ നിയമനമായാൽ സേവനാനന്തര ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല എന്നതാണ് അധികൃതർ കാണുന്ന നേട്ടം.വിദേശത്ത് നിന്നും എത്തുന്ന നഴ്സുമാരിൽ ഏറെയും നാലോ അഞ്ചോ വർഷത്തെ സേവനത്തിന് ശേഷം കാനഡ, ഓസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതും അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നു. നഴ്സിങ് ക്ഷാമം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ വലക്കുന്നുണ്ട്. സ്വദേശികളെ നിയമിക്കുന്നതിനാണ് മുൻഗണനയെങ്കിലും യോഗ്യരായ സ്വദേശി നഴ്സുമാരെ ആവശ്യാനുസരണം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. സിവിൽ സർവിസ് കമീഷൻ വിദേശി നിയമനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് ഇക്കാര്യത്തിൽ ഇളവ് വേണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ അഭ്യർഥന.