പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയില്‍

പൗരത്വ ഭേദഗതി ബില്ലിലൂടെ യുറോപ്യൻ രാജ്യങ്ങള്‍, അമേരിക്ക, ഓസ്‌ട്രേലിയ, ക്യാനഡ എന്നിവിടങ്ങളിൽ കുടിയേറിയവരുടെ വിദേശ ഇന്ത്യകാര്‍ഡ് (ഒസിഐ) റദ്ദാക്കാന്‍ പരിധിയില്ലാത്ത അധികാരം ഭേദ​ഗതിയിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചു.
രാജ്യത്തെ നിലവിലുള്ള ഏതു നിയമത്തിന്റെ ലംഘനവും വിജ്ഞാപനത്തിലൂടെ കേന്ദ്രത്തിന് ഒസിഐ കാര്‍ഡ് റദ്ദാക്കാനുള്ള ഉപാധിയാക്കിമാറ്റാം. ഇതിന് പാര്‍ലമെന്റിന്റെ അനുമതി തേടേണ്ടതില്ല. ചെറിയ നിയമലംഘനം പോലും പൗരത്വനിഷേധത്തിന് വഴിവെയ്ക്കുന്ന സാഹചര്യം ഇതോടെ സൃഷ്ടിക്കപ്പെടും.
എപ്പോള്‍ വേണമെങ്കിലും ആരേയും ലക്ഷ്യംവച്ച് കേന്ദ്രത്തിന് ഈ അധികാരം വിനിയോ​ഗിക്കാം. ക്രിസ്‌ത്യൻ, സിഖ്‌ വിഭാഗക്കാരായ ദശലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാരാണ്‌ ഒസിഐ റദ്ദാക്കല്‍ ഭീഷണി നേരിടേണ്ടിവരിക.
അമിതാധികാരപ്രയോഗം തടയാൻ എക്‌സിക്യൂട്ടീവിന്റെ അധികാരത്തിന് പരിധി നിശ്ചയിക്കണമെന്ന്‌ സുപ്രീംകോടതി നിർദേശം നിലനില്‍ക്കെയാണ് പാര്‍ലമെന്റിനെ മറികടന്നുള്ള അധികാരം ഭേദ​ഗതിയിലൂടെ എക്സിക്യൂട്ടീവിന് ലഭിച്ചത്

ഓവർസീസ്‌ സിറ്റിസൺഷിപ്‌ ഓഫ്‌ ഇന്ത്യ
മുൻ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ പൗരന്മാരുടെ മക്കളും ഓവർസീസ്‌ സിറ്റിസൺഷിപ്‌ ഓഫ്‌ ഇന്ത്യ (ഒസിഐ) കാർഡിന്‌ അർഹരാണ്‌.
ഈ കാർഡുള്ളവർക്ക്‌ വിസയില്ലാതെ ഇന്ത്യയിൽ വരാനും ജോലി ചെയ്യാനും പഠിക്കാനും അവകാശമുണ്ട്‌. കൃഷിയിടങ്ങൾ ഒഴികെ ഭൂമി വാങ്ങാം. കാർഡ്‌ റദ്ദാക്കപ്പെട്ടാൽ അവർ രാജ്യം വിട്ടുപോകണം.

കേരളത്തിൽനിന്ന്‌ ലക്ഷങ്ങൾ
കേരളത്തിൽനിന്നുള്ള ലക്ഷക്കണക്കിനുപേർ യൂറോപ്പിലും ഓസ്‌ട്രേലിയയിലും അമേരിക്കയിലും ജോലിചെയ്യുന്നുണ്ട്‌. ഇവരിൽ ഭൂരിപക്ഷവും ഒസിഐ കാർഡ്‌ ഉപയോഗിക്കുന്നവരാണ്‌. ക്യാനഡയിലും ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും മറ്റും ലക്ഷക്കണക്കിന്‌ സിഖുകാര്‍ ജോലിചെയ്യുന്നുണ്ട്‌.