മരണത്തിലെ ദുരൂഹത നീക്കാൻ കഴിഞ്ഞില്ല :കുവൈത്തിൽ നിന്നും നാല് മാസം മുന്‍പ് മരിച്ച മലയാളി ബാലികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കുവൈത്ത് സിറ്റി: നാല് മാസം മുന്‍പ് മരിച്ച മലയാളി ബാലികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. തിരുവല്ല സ്വദേശികളായ രാജേഷ് –  കൃഷ്ണപ്രിയ ദമ്പതികളുടെ മകള്‍ തീര്‍ത്ഥയാണ് ഓഗസ്റ്റ് 26ന് കുവൈത്തിലെ വീടിനുള്ളില്‍  ദൂരൂഹ സാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്ന് നാല് മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച വൈകുന്നേരം 7.30നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹവുമായി മാതാപിതാക്കള്‍ നാട്ടിലേക്ക് തിരിച്ചത്.
കുവൈത്ത് അബ്ബാസിയ യൂണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ തീര്‍ത്ഥയെ ഓഗസ്റ്റ് 26നാണ് വീടിനുള്ളിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദൂരൂഹതയുണ്ടായിരുന്നതിനാല്‍ മാതാപിക്കളെയും ഇവര്‍ക്കൊപ്പം ഫ്ലാറ്റ് ഷെയറിങില്‍ താമസിച്ചിരുന്ന മറ്റ് രണ്ട് മലയാളികളെയും പൊലീസ് ചോദ്യം ചെയ്യുകയും ഇവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. മാതാപിതാക്കള്‍ക്ക് യാത്രാ വിലക്കുണ്ടായിരുന്നതാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസമായത്. വിലക്ക് നീക്കാനായി ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടിരുന്നു. ഇതിനൊടുവിലാണ് നാല് മാസത്തിന് ശേഷം മാതാപിതാക്കള്‍ക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്.