വീട്ടുജോലിക്കാരിയുടെ മരണം :കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻ പൂർണമായി വിലക്കി

 

കുവൈത്ത്‌ സിറ്റി :

കുവൈത്തിൽ വീട്ടുജോലിക്കാരിയായിരുന്ന ഫിലിപ്പീൻ യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ചു കടുത്ത നടപടികളുമായി ഫിലിപ്പീൻ. തൊഴിലാളികളെ കുവൈത്തിലേക്ക് അയയ്ക്കുന്നതിന് ഫിലിപ്പീൻ സർക്കാർ ഏർപ്പെടുത്തിയ സമഗ്രമായ വിലക്ക് നിലവിൽ വന്നു .ഇത്‌ സംബന്ധിച്ച്‌ നിർദേശങ്ങൾക്ക് പ്രവാസ തൊഴിൽ കാര്യ മന്ത്രാലയം അംഗീകാരം നൽകിയതായി ഫിലിപ്പൈൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ മന്ത്രി സിൽ‌വെസ്റ്റർ ബെല്ലോ യുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെ പോലും സാരമായി ബാധിച്ച സംഭവ വികാസങ്ങൾ കഴിഞ്ഞ മാസമാണ് ഉടലെടുത്തത്. ജിനാലിൻ വില്ലവെന്റ എന്ന വീട്ടു ജോലിക്കാരി കുവൈത്തിൽ കൊല്ലപ്പെട്ടിരിന്നു.ഇതേ തുടർന്ന് കുവൈത്തിലേക്ക്‌ തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീൻസ്‌ സർക്കാർ ഭാഗിക നിരോധനം ഏർപ്പെടുത്തിയി.
കൊല്ലപ്പെട്ട തൊഴിലാളിക്ക്‌ നീതി നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്ന പക്ഷം ഭാഗിക നിരോധനം സമ്പൂർണ്ണമാക്കി മാറ്റുമെന്നു ഫിലിപ്പീൻ അധികൃതർ കുവൈത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ദേഹമാസകലം മർദ്ധനത്തിന്റെ പാടുകളുമായാണു വേലക്കാരിയെ സബാഹ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. സുലൈബിക്കാത്ത്‌ പ്രദേശത്തെ ഒരു വീട്ടിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്‌. ഇവരുടെ സ്പോൺസർ ആയിരുന്നു ഇവരെ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയത്‌. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ്‌ തന്നെ ഇവർ മരണമടഞ്ഞിരുന്നു. ഇതേ തുടർന്ന് സ്പോൺസറേയും ഭാര്യയേയും പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുകയും തൊഴിലാളിയെ മർദ്ധിച്ചതായി സ്പോൺസറുടെ ഭാര്യ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്ക് ഒടുവിലാണ് ശക്തമായ നടപടികളുമായി ഫിലിപ്പീൻ മുന്നോട്ട് വന്നിരിക്കുന്നത്