റിപ്പബ്ലിക് ദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി

ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്ററും, കൊയിലാണ്ടികൂട്ടം, കുവൈത്ത് ചാപ്റ്ററും സംയുക്തമായി കുവൈത്ത് സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഷേഖാ സൽവ സ്റ്റെം സെൽ സെന്ററിൽ വച്ച് ഭാരതത്തിന്റെ 71 മത് റിപ്പബ്ലിക് ദിനാഘോഷവും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

പ്രവാസലോകത്തെ തിരക്കേറിയ ജീവിതചര്യയിലും സഹജീവികളോടുളള സ്നേഹവും കരുതലും പങ്കുവക്കുവാൻ കൊയിലാണ്ടികൂട്ടത്തിന്റെ നിരവധി പ്രവർത്തകരാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒത്ത് ചേർന്നത്. രക്തദാതാക്കൾക്ക് വേണ്ട സൗകര്യങ്ങളും, സഹായങ്ങളും ഒരുക്കിക്കൊണ്ട് ബിഡികെയുടെ നിരവധി സന്നദ്ധപ്രവർത്തകർ സജീവമായി ക്യാമ്പിൽ പങ്കെടുത്തു.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം കൊയിലാണ്ടി കൂട്ടം ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട് നിർവ്വഹിച്ചു. കൂട്ടം പ്രസിഡണ്ട് മൻസൂർ മുണ്ടോത്ത് റിപ്പബ്ലിക്ദിന സന്ദേശം നൽകുകയും, ജോ. സെക്രട്ടറിയും, ക്യാമ്പ് കോർഡിനേറ്ററുമായ സയ്യിദ് ഹാശിം കൊയിലാണ്ടി, മീഡിയ വിംഗ് കൺവിനർ മുസ്തഫ മൈത്രി എന്നിവരും, ബിഡികെ അഡ്വൈസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിലും ക്യാമ്പിൽ പങ്കെടുത്തവർക്ക് ആശംസകൾ നേരുകയും ചെ്തു.

കൊയിലാണ്ടി നിവാസികളുടെ ആഗോള കൂട്ടായ്മയായ കൊയിലാണ്ടികൂട്ടം കുവൈത്തിൽ നടത്തിവരുന്ന സാമൂഹ്യ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബിഡികെ കുവൈത്തിന്റെ 2020 ലെ സ്പോൺസർമാരായ ഹെസ്റ്റൺ കുവൈത്തിന്റെ ലോഗോ പതിപ്പിച്ച ടി ഷർട്ടിന്റെ പ്രകാശനം ബിഡികെ കുവൈത്ത് രക്ഷാധികാരിയും, കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവത്തകനുമായ മനോജ് മാവേലിക്കര നിർവ്വഹിച്ചു.
ബിഡികെ കുവൈത്ത് നടത്തിവരുന്ന പ്രതിമാസ രക്തദാനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള 2020 ലെ ആദ്യ ക്യാമ്പ് ആണ് കഴിഞ്ഞത്.

ബിഡികെ പ്രസി. രഘുബാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസി. ജയകൃഷ്ണൻ സ്വാഗതവും ജോ. സെക്രട്ടറി മുനീർ പിസി നന്ദിയും രേഖപ്പെടുത്തി.

ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കളേയും, പരിപാടിയുടെ പങ്കാളിത്തത്തിലൂടെ സാമൂഹ്യ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ച കൊയിലാണ്ടികൂട്ടം കുവൈത്ത് ടീമിനെയും, ക്യാമ്പിന് വേണ്ട എല്ലാ പിന്തുണയും സഹകരണവും നൽകി കൂടെ നിന്ന ഹെസ്റ്റൺ കുവൈത്ത്, ദർശൻ ഫോട്ടോഗ്രഫി, മ്യൂസിക് ബീറ്റ്സ്, യാത്ര കുവൈത്ത്, ജമന്തി ഡിസൈൻസ്, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം എന്നിവരെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, അനുബന്ധപ്രവർത്തനങ്ങളും ചെയ്യുവാൻ താത്പര്യമുള്ള സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 5151 0076 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.