പ്രവാസി വോട്ട് ചേർക്കുന്നതിലെ സാങ്കേതികത്വം ഉടൻ പരിഹരിക്കുക:കെ.എം.സി.സി.

 

കുവൈത്ത്‌ സിറ്റി: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തിയ്യതി അടുത്തിരിക്കെ പ്രവർത്തന രഹിതമായി കിടക്കുന്ന വെബ്‌ സൈറ്റ്‌ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യ ക്ഷമമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് കുവൈത്ത്‌ കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഢലം കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രവാസി വോട്ടിന്റെ വെബ്സൈറ്റ് കൃത്യമായി പ്രവർത്തിക്കാത്തതിനാൽ പ്രവാസികൾക്കും, മറ്റും അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മാത്രവുമല്ല സൈറ്റിൽ ജനന തിയ്യതി, പാസ്പോർട്ട് ഇഷ്യൂ എക്സ്പയറി, വിസ ഇഷ്യൂ എക്സ്പയറി തിയ്യതികൾ എന്നിവ ശരിയായ വിവരങ്ങൾ നൽകിയാലും ഒടുവിൽ പ്രിന്റിൽ തെറ്റായ വിവരങ്ങളാണ് വരുന്നത്. ജനാധിപത്യ സംവിധാനത്തിൽ ഒരോ പൗരന്റെയും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ ആദ്യ പടിയായ വോട്ട്‌ ചേർക്കലുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കുവൈത്ത്‌ കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഢലം കമ്മിറ്റി പ്രസിഡന്റ്‌ ഖാദർ കൈതക്കാട്‌, ജനറൽ സെക്രട്ടറി ഫാറൂഖ്‌ തെക്കേക്കാട്‌, ഖജാഞ്ചി സലീം ഉദിനൂർ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
പ്രസ്തുത ആവശ്യമുന്നയിച്ച്‌ കേരളാ തെരെഞ്ഞെടുപ്പ്‌ കമ്മിഷന്‌ ഈ മെയിൽ സന്ദേശം അയക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.