ഇന്ത്യൻ ഭക്ഷ്യ സംസ്കരണ മേഖലയിൽ 1000 കോടി നിക്ഷേപിക്കാനൊരുങ്ങി ലുലു

 

ദുബായ്: വിവിധ രാജ്യങ്ങളിലായി 187 ഹൈപ്പർമാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും പ്രവർത്തിപ്പിക്കുന്ന ലുലു ഗ്രൂപ്പ്, തെലങ്കാന, പഞ്ചാബ്, ഗുജറാത്ത്, കേരളം എന്നിവിടങ്ങളിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇതിനോടകം 3000 കോടി രൂപയുടെ സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ ഇന്ത്യയിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട് . പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതോടെ ഇത് ഇരട്ടിയാകും.അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1000 കോടി രൂപ മുതൽ മുടക്കിലാണ് പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കുക. ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫുഡ് എക്സിബിഷനിൽ ഭക്ഷ്യ സംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം‌എ യാണ് ഈ പദ്ധതികളുടെ വിശദാംശങ്ങൾ അറിയിച്ചത്. ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് പുറമെ ഇന്ത്യയിലെ വിവിധ പ്രമുഖ നഗരങ്ങളിൽ ലുലു ഷോപ്പിംഗ് മാളുകൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തും ബാംഗ്ലൂരും ലക്‌നൗവിലുമാണ് 2020ൽ മാളുകൾ ആരംഭിക്കുക.

യുഎഇ ഭക്ഷ്യസുരക്ഷാ മന്ത്രി മറിയം അൽ മുഹൈരി, ജോർദാൻ വ്യവസായ മന്ത്രി താരിഖ് ഹമ്മൂരി ഉൾപ്പെടെയുള്ള വിവിധ മന്ത്രിമാരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും യൂസുഫലി വിപുലമായ ചർച്ചകൾ നടത്തി.