കൊറോണ : ഉംറ തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി

 

കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനിടെ സൌദിയിലേക്ക് ലോക രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും സൌദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സൌദിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി.
സൌദി അറേബ്യയുടെ തീരുമാനത്തെ തുടര്‍ന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉംറ യാത്രയ്ക്കായി എത്തിയ യാത്രക്കാരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. ഇഹ്റാം ചെയ്ത യാത്രക്കാരുടെ യാത്ര ഇതോടെ അനിശ്ചിതത്വത്തിലായിരിക്കയാണ്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങളാണ് സൌദി അറേബ്യയിലെ മക്കയും മദീനയും ലക്ഷ്യമാക്കി തീര്‍ഥാടനത്തിന് വരുന്നത്. കൊറോണ വ്യാപകമായി പടരുന്നതിനിടെ മുന്‍കരുതല്‍ എന്ന നിലക്കാണ് വിദേശത്ത് നിന്നും ഉംറക്ക് വരുന്നവര്‍ക്ക് വിലക്ക്. മക്കയിലും മദീനയിലും സന്ദര്‍ശനം നടത്തുന്നത് താല്‍ക്കാലികമായി വിലക്കികൊണ്ട് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്ത് വിട്ടത്.