ഡൽഹി കലാപം :മരണം 34 ആയി, ദുഃഖകരമെന്ന് യു എൻ, കണ്ണ് തുറക്കാതെ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞവര്‍ ഏഴു പേര്‍ കൂടി വ്യാഴാഴ്ച്ച രാവിലെ മരിച്ചു. സംഭവത്തില്‍ 150 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഡല്‍ഹിയിലെ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 പേരും എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും ജാഗ് പര്‍വേഷ് ചന്ദ്ര ആശുപത്രിയില്‍ ഒരാളുമാണ് ഇന്ന് രാവിലെ മരിച്ചത്.
ഇതിനിടെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി. പരമാവധി സംയമനം പാലിക്കണമെന്നും അക്രമം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.
‘ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ യു.എന്‍ സെക്രട്ടറി ജനറലിന്റെ വാക്താവ് സ്റ്റീഫന്‍ ഡുജറിക് പ്രസ്താവിച്ചു

അതേസമയം കലാപം അടിച്ചമർത്താനുള്ള ക്രിയാത്മകമായ യാതൊരു ശ്രമങ്ങളും കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുമുണ്ട്