കൊറോണ ഭീതി:കാലിയായി കുവൈത്തിലെ റോഡുകളും റെസ്റ്റോറന്റുകളും,തിരക്കൊഴിഞ്ഞു വിമാനത്താവളം

കുവൈത്ത് സിറ്റി
വർധിച്ചു വരുന്ന
കൊറോണ ഭീതി വിവിധ മേഖലകൾക്ക് പ്രതിസന്ധിയാകുന്നു
റോഡുകളിലും ഹോട്ടലുകളിലുമെല്ലാം തിരക്കൊഴിഞ്ഞ പ്രതീതിയാണ്.. പലപ്പോഴും ഉണ്ടാകാറുള്ള ഓഫീസ് സമയങ്ങൾക്ക് ശേഷമുള്ള ട്രാഫിക് ബ്ലോക്കുകളും ഗണ്യമായി കുറഞ്ഞു. റസ്റ്ററന്റുകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം പകുതിയായി. റസ്റ്ററന്റുകളിൽനിന്നുള്ള പാഴ്സലുകളും കുറഞ്ഞിട്ടുണ്ട്. റസ്റ്ററന്റുകളിൽ കഴിക്കാൻ എത്തുന്നില്ല എന്നതിനു പുറമേ പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കാനുള്ള പേടികൂടിയാണു പാഴ്സലുകൾ കുറയാൻ കാരണം. സ്വദേശികൾ ധാരാളമായി എത്താറുള്ള റസ്റ്ററന്റുകളാണ് പ്രധാനമായും പ്രതിസന്ധിയിലായിട്ടുള്ളത്. മലയാ‍ളികൾ ഉൾപ്പെടെ റസ്റ്റ‌റന്റ് ഭക്ഷണങ്ങളോട് വിരക്തി പ്രകടിപ്പിക്കുന്നു.

വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് കൊറോണ സ്ഥിരീകരിക്കപ്പെട്ട ചില രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചതാണ് ഒരു കാരണം. അതേസമയം സർവീസ് നിലവിലുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തിയിട്ടില്ല. അതേസമയം ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് വിമാന കമ്പനികളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അതേ അവസ്ഥയാണ് പല രാജ്യങ്ങളിലേക്കും.