നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിൽ കേരളത്തിൻറെ നേട്ടങ്ങളെ പരാമർശിച്ച് ബി ബി സി

ന്യൂഡൽഹി: നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിൽ കേരളത്തിൻറെ നേട്ടങ്ങളെ പരാമർശിച്ച് ബിബിസി. ബിബിസി ഇന്ത്യയുടെ ‘വർക്ക് ലൈഫ് ഇന്ത്യ’ എന്ന ചർച്ചയിലാണ് പരാമർശം. ചൈനീസ് മധ്യമപ്രവർത്തക ക്യുയാൻ സുൻ, സുബോധ് റായ്, ഡോ. ഷാഹിദ് ജമാൽ എന്നിവർ പങ്കെടുത്ത ചർച്ചയിൽ അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ കേരളം നേരിട്ടത് ചൂണ്ടിക്കാണിച്ചത്.
കേരളത്തിൽ മൂന്ന് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും അവർക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകൾക്കെതിരെയും കേരളം പോരാടുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഈ മാതൃകകളിൽ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം.
പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടർ ഷഹീദ് ജമീലാണ് ഇതിന് മറുപടി നൽകിയത്. ആരോഗ്യ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീൽ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.
‘ആശുപത്രികൾ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ. അതാണ് ജനങ്ങൾ ആദ്യം എത്തുന്ന ഇടം. ഒരു വശത്ത് അവ നന്നായി പ്രവർത്തിക്കുമ്പോൾ മറ്റൊരു വശത്ത് രോഗനിർണയം വളരെ ഫലപ്രദമായി ചെയ്യുന്നു. ഈ വൈറസുകളെയും അതിന്റെ വ്യാപനത്തെയും അവർ മികച്ച രീതയിൽ പിന്തുടരുന്നു’, ഡോ. ഷാഹിദ് ജമാൽ ചൂണ്ടിക്കാണിച്ചു.