താരാരാധന അതിരുകടന്നു :രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്ക് എതിരെ കേസ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിന്ന് പുറത്തായ ഡോ. രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി. പേരറിയാവുന്ന നാല് പേർ ഉള്‍പ്പടെ 75 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് കളക്ടർ എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് രജിത് കുമാറിന് അരാധകർ സ്വീകരണം ഒരുക്കിയത്. ആഭ്യന്തര ടെർമിനലിന് പുറത്തായിരുന്നു സ്വകീരണം. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കേസെടുക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകി. രജിത് കുമാർ, ഷിയാസ്, പരീക്കുട്ടി, ഹബീബ് റഹമാൻ എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന എഴുപത്തിയഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.
അന്യാമായി സംഘം ചേരൽ, സർക്കർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിക്കൽ, പൊതു ജനങ്ങളുടെ വഴി തടസ്സപ്പെടുത്തി അപകടം വരുത്താനള്ള ശ്രമം എന്നങ്ങനെ അഞ്ചുവകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൻറെ 500 മീറ്റർ പരിധിയിൽ പ്രകടനങ്ങൾ നടത്താൻ പാടില്ലെന്ന നിയമവും ലഘിച്ചിട്ടുണ്ട്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലെ ടെർമിനലിലും വ്യൂയിംഗ് ഗ്യാലറിയലും സന്ദർശകർക്ക് കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. കേസെടുക്കാൻ നിർദ്ദേശം നൽകിയ ജില്ലാ കളക്ടർ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.