കേന്ദ്രമന്ത്രി വി മുരളീധരൻ നിരീക്ഷണത്തിൽ

 

ന്യൂഡൽഹി: കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രി സന്ദർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ സ്വയം ക്വാറെന്റൈനിൽ പ്രവേശിച്ചു. വിദേശത്തുനിന്ന് എത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയശേഷം ഡോക്റ്റർ മൂന്ന് ദിവസം ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ശനിയാഴ്ച ശ്രീചിത്രയിൽ നടന്ന അവലോകനയോഗത്തിൽ വി മുരളീധരൻ പങ്കെടുക്കുകയും ചെയ്തു. രോഗം ബാധിച്ച ഡോക്ടറുമായി സമ്പർക്കം ഉണ്ടായിരുന്ന മറ്റു ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.