കുവൈത്തിൽ താമസ നിയമ ലംഘകർക്ക് കീഴടങ്ങാൻ അവസരം ഒരുങ്ങുന്നു, പിഴ ഒഴിവാക്കുകയും,നാട്ടിലേക്ക് സൗജന്യ യാത്രാ ടിക്കറ്റും നൽകും

 

കുവൈത്ത്‌ സിറ്റി : കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ താമസ നിയമം ലംഘിക്കുന്നവരുടെ സാന്നിധ്യം പ്രതിസന്ധിയായി മാറിയിരിക്കെ നിർണായക തീരുമാനവുമായി കുവൈത്ത്.
ഇത് മായി ബന്ധപ്പെട്ടു വരും ദിവസങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പാർലമന്റ്‌ , മന്ത്രിസഭ അംഗങ്ങളുടെ യോഗങ്ങളിൽ താമസ നിയമ ലംഘകരുടെ വിഷയം ചർച്ച ചെയ്തതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ്‌ ദിന പത്രം റിപ്പോർട്ട്‌ ചെയ്തു. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തിൽ താമസ നിയമലംഘകരുടെ സാന്നിധ്യം സർക്കാരിനു കനത്ത വെല്ലുവിളിയായി തുടരുകയാണു.താമസ നിയമ ലംഘകരായ ഒരു ലക്ഷത്തോളം പേർ രാജ്യം വിടുന്നത്‌ വഴി നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദം സർക്കാരിനു ഒരളവ്‌ വരെ കുറക്കാൻ സാധിക്കും. ഇതിനായി രണ്ട്‌ ഘട്ടങ്ങളിലുള്ള പദ്ധതികളാണു സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്‌.ആദ്യ ഘട്ടത്തിൽ താമസ നിയമ ലംഘകർക്ക്‌ സ്വയം കീഴടങ്ങുവാനുള്ള അവസരം മാധ്യമങ്ങൾ വഴി പ്രഖ്യാപിക്കും ..ഇങ്ങിനെ കീഴടങ്ങുന്നവരുടെ താമസ നിയമ ലംഘനവുമായി ബന്ധപ്പെട്ട മുഴുവൻ പിഴയും ഒഴിവാക്കുന്നതോടൊപ്പം ഇവർക്ക്‌ നാട്ടിലേക്ക്‌ സൗജന്യ യാത്രാ ടിക്കറ്റും അനുവദിക്കും.ഇതിനു വേണ്ടത്ര പ്രതികരണം ലഭിച്ചില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ വിദേശികളുടെ താമസ കേന്ദ്രങ്ങളിൽ അതി ശക്തമായ തെരച്ചിൽ നടത്തി താമസ നിയമ ലംഘകരെ പിടികൂടി നാട്ടിലേക്ക്‌ തിരിച്ചയക്കുന്നതാണെന്നും പത്രം റിപ്പോർട്ട്‌ ചെയ്യുന്നു.