കൊറോണ പ്രതിരോധം: മാർച്ച് 22 മുതൽ ഒഴ്ചത്തേക്ക് രാജ്യാന്തര വിമാനങ്ങൾ ഇന്ത്യയിൽ ഇറക്കില്ല

 

ന്യൂഡൽഹി:

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാനങ്ങൾ മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്ക് ഇന്ത്യയിൽ ഇറക്കില്ലെന്ന് കേന്ദ്ര സർക്കാർ. ഒപ്പം തന്നെ 65 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാരും വീടുകളിൽത്തന്നെ കഴിയണമെന്ന് കേന്ദ്രം നിർദേശിച്ചു. 10 വയസ്സിൽ താഴെയുള്ള കുട്ടികളും വീടുകളിൽ കഴിയണം.

വിദ്യാർഥികൾക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കുമല്ലാതെ കൺസെഷൻ യാത്രകൾ റെയിൽവേയും വ്യോമയാന വകുപ്പും റദ്ദാക്കണം. സ്വകാര്യ സെക്ടറുകളിലെ ജീവനക്കാർക്ക് ‘വീട്ടിലിരുന്ന് ജോലി’ (വർക്ക് ഫ്രം ഹോം) ചെയ്യാവുന്ന തരത്തിൽ സൗകര്യമുണ്ടാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാർ ആഴ്ചയിൽ ഇടവിട്ട് ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. ഇവരുടെ ജോലിയുടെ സമയക്രമം മാറ്റാനും തീരുമാനമായി.

അതിനിടെ, കോവിഡ്–19 ബാധിച്ച് ഇന്ത്യയിൽ നാലാം മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബ് സ്വദേശിയായ 70കാരനാണു മരിച്ചത്. ജർമനിയിൽനിന്ന് ഇറ്റലി വഴി ഡൽഹിയിൽ എത്തിയ ആളാണ് മരിച്ചത്. നേരത്തേ മരിച്ച മൂന്നുപേർ ഡൽഹി, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു.