എഡിറ്റോറിയൽ :കേന്ദ്ര, കേരള സർക്കാരുകളെ..ഞങ്ങൾ പ്രവാസികൾക്കും ചിലത് പറയാനുണ്ട്

 

ഇത് വരെ  കുവൈത്തിൽ  കൊറോണ ബാധിതരുടെ എണ്ണം 993 ആയിരിക്കുന്നു. അതിൽ 530 പേരും ഇന്ത്യക്കാരാണ്  രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതിന് ശേഷം  ഇത്   വരെ ഒരു മരണം അതും നമ്മുടെ രാജ്യക്കാരൻ.
വെറും ഒരാഴ്ചയ്ക്കിടെയാണ് രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇത്രയധികം വർധിച്ചത് എന്ന കാര്യം ആശങ്ക ഉണ്ടാക്കുകയാണ് മലയാളികളായ ഓരോ പ്രവാസികളിലും…. ഒരു ബിൽഡിങ്ങിൽ തന്നെ 300 ലധികം ആളുകൾ തിങ്ങി താമസിക്കുന്ന ഇവിടെ വരാനിരിക്കുന്ന ദിനങ്ങൾ കൂടുതൽ ഭീതിതമായേക്കാം
കുവൈറ്റ് എന്ന കൊച്ചു ഗൾഫ് രാജ്യം കഠിനപരിശ്രമം തന്നെയാണ് കൊറോണയെ പ്രതിരോധിക്കാനായി നടത്തിക്കൊണ്ടിരിക്കുന്നത് . മറ്റുള്ള രാജ്യങ്ങൾ ചിന്തിക്കുന്നതിന് മുമ്പായി കുവൈത്ത് വ്യോമ പാതകളും വിമാനത്താവളവും അടച്ചുപൂട്ടി. ഭാഗികമായി കർഫ്യൂ നടപ്പിലാക്കുകയും ബാർബർ ഷോപ്പുകൾ മുതൽ പ്രമുഖ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ വരെ അടച്ചുപൂട്ടുകയും പൊതുമാപ്പ് പ്രഖ്യാപിക്കുകയും ചെയ്തു
മറ്റൊരു പുതിയ പ്രഖ്യാപനവും കുവൈത്ത് നടത്തി മുഴുവൻ സമയ ലോക് ഡൗൺ മൂലം പ്രതിസന്ധിയിലായ ജലീബ് മഹബൂല എന്നിവിടങ്ങളിലെ അഞ്ച് ലക്ഷത്തിലധികം വരുന്ന പ്രവാസികളായ താമസക്കാർക്ക് സൗജന്യ ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുമെന്നാണത്. മാനവികതയുടെ മഹത്തായ പ്രഖ്യാപനത്തിന് നന്ദി പറയുകയാണ് പ്രവാസികളെല്ലാം. അതായത് കുവൈത്ത് സർക്കാർ കാര്യങ്ങൾ മുറപോലെ ചെയ്യുന്നു എന്ന് വ്യക്തം
എന്നാൽ പത്തുലക്ഷത്തിലധികം ഇന്ത്യക്കാർ അധിവസിക്കുന്ന കുവൈത്തിൽ പ്രവാസികൾക്കായി  ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ എങ്ങനെ എന്ന് പരിശോധിക്കാം കുവൈത്ത് ഗവൺമെൻറ് ഫ്ലൈറ്റ് ടിക്കറ്റ് അടക്കം സൗജന്യമായി പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുക മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് ഇതിലൂടെ അനധികൃതമായി രാജ്യത്ത് അധിവസിക്കുന്ന മുഴുവൻ ആളുകൾക്കും പിഴയോ ശിക്ഷയോ കൂടാതെ അവരുടെ നാടുകളിലേക്ക് മടങ്ങാൻ കഴിയും . എന്നാൽ നമ്മുടെ എംബസി അതിനുവേണ്ടിയുള്ള രജിസ്ട്രേഷനും മറ്റും നടത്തുവാനായി ജോലിയും കൂലിയും ഇല്ലാതെ എങ്ങനെയെങ്കിലും നാട്ടിൽ എത്തണമെന്നാഗ്രഹിക്കുന്ന പ്രവാസികളോട് 5 കെ ഡി ഫീസ് ആവശ്യപ്പെട്ടു

ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന കർത്തവ്യബോധം കാണുമ്പോൾ ലജ്ജിക്കാതെ വയ്യ. ഇത്തരത്തിൽ അന്യായമായി ഏർപ്പെടുത്തിയ ഫീസ് പിൻവലിക്കണമെന്ന് ബഹു : കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ എംബസിയോട് അഭ്യർത്ഥിച്ചിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല

കുവൈത്ത് എയർപോർട്ട് അടച്ചുപൂട്ടിയെങ്കിലും മറ്റു രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ കുവൈത്തിൽ നിന്നും പ്രത്യേക വിമാന സർവീസുകൾ ഗവൺമെൻറ് അനുവദിക്കുന്നുണ്ട് ഈ ആനുകൂല്യ പ്രകാരം കുവൈത്തിൽ കുടുങ്ങിക്കിടന്ന വിസ കാലാവധി കഴിഞ്ഞവർ, രോഗികൾ, കുട്ടികൾ, വൃദ്ധർ അങ്ങനെയുള്ള തങ്ങളുടെ പൗരന്മാരെ ഫിലിപ്പീൻ ഈജിപ്ത് ലെബനൻ തുടങ്ങിയ രാജ്യങ്ങൾ നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 1293 പേരെ ഈജിപ്തും തിരികെ കൊണ്ടുപോയി എന്നാൽ ഇന്ത്യക്കാരുടെ കാര്യത്തിൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല .. ഇതോടെ പൊതുമാപ്പിന് അർഹരാകുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്..
ഒരുവശത്ത് കൊറോണ ഭീതി… മറുഭാഗത്ത്
ജോലിയും കൂലിയും ഇല്ലാതെ അനുഭവിക്കുന്ന നിരാശാബോധവും അരക്ഷിതാവസ്ഥയും…. ഇതൊക്കെയാണ് പ്രവാസികളെ അലട്ടുന്നത് ഇന്ത്യയിലുള്ള വിദേശികളെ പ്രത്യേക വിമാനം ഏർപ്പെടുത്തി അവരുടെ രാജ്യത്ത് എത്തിക്കുകയും സ്വന്തം പൗരൻമാരെ തിരിഞ്ഞുനോക്കാതെയിരിക്കുന്നതിന്റെയും നീതിബോധം എത്രയാലോചിച്ചിട്ടും പ്രവാസികൾക്ക് മനസ്സിലാകുന്നില്ല നിങ്ങൾ നിൽക്കുന്നിടത്ത് തുടരുക തുടങ്ങിയ രീതിയിലുള്ള അവഗണനയുടെ ഉപദേശങ്ങൾ പലതും പ്രവാസികൾ ഇപ്പോൾ തന്നെ കേട്ടു കഴിഞ്ഞു. ഞാൻ സുരക്ഷിതനാണെന്ന ഉത്തമ ബോധ്യത്തിൽ മറ്റുള്ളവർക്ക് ഇത്തരക്കാർ നൽകുന്ന വില കുറഞ്ഞ ഉപദേശത്തിന് പ്രവാസികൾ എങ്ങനെയാണ് വില കൽപ്പിക്കുക പ്രയാസം ഉണ്ടാകുമ്പോൾ ഒരല്പം ആശ്വാസം ലഭിക്കുവാനായി പിറന്ന മണ്ണിൽ എത്തുവാൻ കൊതിക്കുകയാണ് ഓരോ പ്രവാസിയും ഇപ്പോൾ…
ഇനി പറയാൻ ഉള്ളത്  മലയാളികളോടും കേരളത്തിലെയും കേന്ദ്രത്തിലേയും ഭരണകൂടത്തോടുമാണ്

പ്രവാസികളെന്നാൽ മെഴുകുതിരി പോലെയാണെന്നും മണലാരുണ്യത്തിൽ അവർ ഉരുകിത്തീരുന്ന ജീവിതത്തിൻറെ പ്രകാശത്തിലാണ് കേരളം കേരളമായതെന്നും നിങ്ങൾ പറയാറുണ്ടല്ലോ ആ വാക്കുകൾ കളങ്കമില്ലാത്തതാണെങ്കിൽ കൊറോണ എന്ന മഹാമാരിക്ക് മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു പകർച്ച വ്യാധിയെ നിയന്ത്രണ വിധേയമാക്കിയ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരുമുള്ള  പ്രവാസികളുടെ  പ്രിയപ്പെട്ട പിറന്ന മണ്ണിലേക്ക്….. അമ്മ മലയാളത്തിന്റെ തണലിലേക്ക്….
കുടുംബത്തിൻറെ ആശ്വാസത്തിലേക്ക് അലിഞ്ഞു ചേരുവാൻ പ്രവാസികൾക്കും ഒരു അഭയം നൽകി കൂടെ ???