ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ ഇന്ത്യയിൽ എത്തിക്കണം :സുപ്രിംകോടതിയിൽ ഹർജി

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെല്ലാണ് കോടതിയെ സമീപിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത ദുരിതാവസ്ഥയിലൂടെയാണ് ലക്ഷകണക്കിന് ഇന്ത്യക്കാർ കടന്നുപോകുന്നത്. തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്ന ഒട്ടേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നൂറ് കണക്കിന് പേർ സാമൂഹ്യ അകലം പോലും പാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
അതേസമയം നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്ന ആവശ്യവുമായി സൗദി, കുവൈത്ത് പ്രവാസികൾ രംഗത്തെത്തി. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കർഫ്യൂ ,ലോക്ക് ഡൗൺ പോലുള്ള ജാഗ്രതാ നടപടികൾ ഉണ്ടെങ്കിലും ലേബർ ക്യാമ്പുകളിലും മറ്റും 100 കണക്കിനാളുകൾ ഒരുമിച്ച് താമസിക്കുന്നത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. ഇതിൽ മലയാളികൾ ഉൾപ്പെടെ പലർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിയതോടെ പലരുടെയും വരുമാന മാർഗം തടസപ്പട്ടു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരാനുള്ള ആവശ്യം പ്രവാസികളുടെ  ഭാഗത്ത് നിന്ന് ശക്തമാവുകയാണ്.