കുവൈത്തിൽ മലയാളികൾക്കിടയിലും കൊറോണ അതി വേഗം പടരുന്നു

 

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളികൾക്കിടയിലും കൊറോണ അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രോഗം സ്ഥിരീകരിച്ചവരിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി മലയാളികളാണുള്ളത് .ഒരാഴ്ച മുമ്പ്‌ അബ്ബാസിയയിൽ റാന്നി സ്വദേശിയായ ഒരു നഴ്സിനു വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതോടെ കുവൈറ്റ് മലയാളി സമൂഹത്തിലെ ആദ്യത്തെ കൊറോണ ബാധിത കേസായിരുന്നു .ഇതിനു രണ്ടു ദിവസങ്ങൾക്ക്‌ ശേഷം ഇവരുടെ ഭർത്താവിനും രോഗ ബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി ചുരുങ്ങിയത്‌ 20 മലയാളികൾ എങ്കിലും കൊറോണ ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നതായാണ് വിവരം ലഭിച്ചത് .നിലവിൽ ലഭ്യമായ വിവരം അനുസരിച്ച്‌ അബ്ബാസിയയിൽ നിന്ന് മാത്രമായി ഇതിനകം 6 മലയയാളികളാണു രോഗ ബാധയേറ്റ്‌ ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.മഹബൂല പ്രദേശത്ത്‌ നിന്നുള്ള 2 മലയാളികൾക്കും രോഗ ബാധയേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു.മംഗഫ്‌ പ്രദേശത്തു നിന്നും ഇപ്പോൾ രോഗ ബാധയേൽക്കുന്ന മലയാളികളുടെ എണ്ണം വർദ്ധിച്ചു വരികയാണു. രണ്ടു ദിവസം മുമ്പ്‌ ചാലക്കുടി സ്വദേശിയായ മലയാളി വീട്ടമ്മക്ക്‌ രോഗ ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇവരുടെ 10 വയസ്സുകാരിയായ മകൾക്കും പരിശോധനയിൽ ഫലം പോസിറ്റീവ്‌ ആയാണു പുറത്ത്‌ വന്നത്‌..ഇരുവരും ഇപ്പോൾ ജാബിർ ആശുപത്രിയിലാണു ചികിൽസയിൽ കഴിയുന്നത്‌.മംഗഫ്‌ ബ്ലോക്ക്‌ 3 , സ്ട്രീറ്റ്‌ 26 ൽ താമസിക്കുന്ന എണ്ണ മേഖലയിൽ ജോയിന്റ്‌ ഓപറേഷൻ പദ്ധതിയിലെ എഞ്ചിനീയറായ കോഴിക്കോട്‌ സ്വദേശിക്കും ഭാര്യക്കും ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാബിർ ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുകയാണു. ഇവരുടെ രണ്ടു കുട്ടികൾക്ക്‌ പരിശോധനയിൽ രോഗ ബാധ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്‌. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന ഇവരുടെ കുടുംബ സുഹൃത്തുക്കളായ മൂന്നു മലയാളികളും രോഗ ബാധ സംശയിക്കപ്പെട്ടതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയാണു. ഈ കെട്ടിടത്തിലെ ഭൂരിഭാഗം താമസക്കാരും മലയാളികളാണു.സാൽമിയ ബ്ലോക്ക്‌ 12 ൽ താമസിക്കുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശിക്കും ഭാര്യക്കും മകൾക്കും രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇപ്പോൾ ചികിൽസയിലാണു.ഇദ്ദേഹത്തിന്റെ സ്ഥാപന മേധാവിയിൽ നിന്നാണു ഇദ്ധേഹത്തിനു രോഗം പടർന്നത്‌. കോഴിക്കോട്‌ തിക്കോടി , സ്വദേശികളായ രണ്ടു പേർക്കും രോഗ ബാധ സ്ഥിരീകരിചിട്ടുണ്ട്‌. ഇവരിൽ ഒരാൾ മതകാര്യ മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരനാണു. ഷർഖ്‌ സെവാബിർ കോമ്പ്ലക്സിനു പിറകിലുള്ള കെട്ടിടത്തിലാണു ഇദ്ദേഹം
താമസിച്ചിരുന്നത്‌.ഹവല്ലിയിലാണു രോഗ ബാധിതനായ രണ്ടാമത്തെ വ്യക്തിയുടെ റൂം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണു ഇദ്ദേഹം..ഷർഖ്‌ ദസ്മാൻ റോണ്ടബോട്ടിനു സമീപത്തുള്ള കെട്ടിടത്തിൽ താമസിക്കുന്ന പാലക്കാട്‌ ചെർപ്പുളശേരി പരിയാനമ്പറ്റ സ്വദേശി 50 കാരിയായ സ്ത്രീക്കും കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചു. ഒരു സലൂണിലെ ജീവനക്കാരിയായ ഇവരൊടൊപ്പം മറ്റൊരു മലയാളി യുവതിയാണു താമസിക്കുന്നത്‌.അമീരി ആശുപത്രിയിൽ വെച്ചാണു ഇവർക്ക്‌ രോഗ ബാധ സ്ഥിരീകരിച്ചത്‌. ഫർവ്വാനിയ ബ്ലോക്ക്‌ 1 സ്ട്രീറ്റ്‌ 91 ൽ ലെ കെട്ടിടത്തിൽ താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ യുവാവിനും കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചു. ഫർവ്വാനിയ ആശുപത്രിയിൽ എക്സ്‌ റെ ടെക്നിഷ്യനാണു ഇദ്ദേഹം.ഇതിനു പുറമേ ജിലീബ്‌ , കുവൈത്ത്‌ സിറ്റി , സാൽമിയ , അബു ഹലീഫ , മഹബൂല എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മലയാളികൾക്കും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്‌.എന്നാൽ ഇവരുടെ വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല