ഗൾഫിൽ നിന്നും പ്രവാസികളെ ഒഴിപ്പിക്കൽ :പൂർണ പിന്തുണയുമായി കേരളം, യു എ ഇ യിൽ ഉള്ളവരെ ആദ്യമെത്തിക്കും

ദുബായ്: കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങുന്നു. യുഎഇയിലെ പ്രവാസികളെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക. ഇവർക്കായി പ്രത്യേക വിമാനം ഏർപ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. വന്നിറങ്ങുന്ന പ്രവാസികളെ മാറ്റി പാർപ്പിക്കാൻ ഓരോ സംസ്ഥാനവും നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാർ പരിശോധിച്ചിട്ടുണ്ട്.
മൂന്നു രീതിയിലാണ് ആളുകളെ ഇന്ത്യയിലെത്തിക്കാൻ പദ്ധതി തയ്യാറാക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഷെഡ്യൂൾഡ് വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽനിന്ന് പ്രത്യേക വിമാനങ്ങൾ അയച്ച് ആളുകളെ തിരിച്ചെത്തിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനു പുറമെ കപ്പൽ വഴിയും ആളുകളെ എത്തിക്കാൻ പദ്ധതിയുണ്ട്.
രോഗികൾ, ഗർഭിണികൾ, വിസിറ്റിങ് വിസയിലെത്തിയവർ തുടങ്ങിയവർക്കായിരിക്കും ആദ്യ പരിഗണന. ഗൾഫിലെ വ്യവസായികളുടെ കൂടി സഹകരണത്തോടെ പ്രവാസികളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രസർക്കാർ തയ്യാറാക്കുന്നത്. ഗൾഫിൽനിന്ന് എത്തുന്നവരെ ഓരോ സംസ്ഥാനവും ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറ്റണം.
രണ്ടാം ഘട്ടത്തിലായിരിക്കും മറ്റു ഗൾഫ് നാടുകളിലുള്ളവരെ തിരിച്ചെത്തിക്കുക. കുവൈറ്റിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഒരു മാസത്തെ സാവകാശം വേണമെന്ന് കുവൈറ്റ് ഭരണകൂടത്തെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
പ്രവാസികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനത്തോടും കേന്ദ്രം അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ വിമാനസർവീസ് തന്നെ കേരളത്തിലേയ്ക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ചതന്നെ പ്രവാസികളെ എത്തിച്ചു തുടങ്ങും എന്നാണ് നയതന്ത്ര കാര്യാലയങ്ങൾ നൽകുന്ന സൂചന.