അന്നം നൽകുന്ന രാജ്യത്തെയാണ് നിങ്ങൾ പരിഹസിക്കുന്നത്’; ഇസ്ലാം വിരുദ്ധത വെച്ചു പൊറുപ്പിക്കില്ലെന്ന് യുഎഇ

സാമൂഹ മാധ്യമങ്ങളിലൂടെ ഇസ്ലാം വിരുദ്ധത പരത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം. രാജകുമാരി ഹെന്ത് അൽ ഖാസിമിയാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇസ്ലാം വിരുദ്ധതക്കെതിരെ മുന്നറിയിപ്പ് നൽകിയത്. ഇന്ത്യൻ വംശജനായ സൗരഭ് ഉപാധ്യായ് എന്നയാൾ പങ്കുവച്ച ചില ട്വീറ്റുകൾപങ്കുവച്ചു കൊണ്ടാണ് ഹെന്ത് ഇസ്ലാമോഫോബിയക്കെതിരെ രംഗത്തെത്തിയത്.
ഡൽഹിയിൽ നടന്ന തബ്‌ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുസ്ലിം വിഭാഗത്തെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സൗരഭ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരുന്നത്. ഇന്ത്യയിലെ കൊറോണ വ്യാപനത്തിന് തബ്‌ലീഗി ജമാഅത്ത് പ്രവർത്തകരാണ് കാരണം എന്ന തരത്തിലുള്ളതാണ് ട്വീറ്റുകൾ. വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നു എന്ന ആരോപണവും ഇയാൾ ഉയർത്തുന്നു. ഈ ട്വീറ്റുകളുടെയൊക്കെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചു കൊണ്ടാണ് യുഎഇ ഭരണകുടുംബാംഗത്തിന്റെ മുന്നറിയിപ്പ്.
രണ്ട് ട്വീറ്റുകളാണ് ഈ വിഷയത്തിൽ ഹെന്ത് പങ്കുവച്ചിരിക്കുന്നത്. ‘ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം. ‘- ഇങ്ങനെ ആയിരുന്നു ആദ്യത്തെ ട്വീറ്റിൽ ഇവർ കുറിച്ചത്.

‘യുഎഇ ഭരണകുടുംബം ഇന്ത്യക്കാരുമായി നല്ല സൗഹൃദത്തിലാണ്. എന്നാൽ രാജകുടുംബാംഗം എന്ന നിലയിൽ നിങ്ങളുടെ മര്യാദയില്ലാത്ത ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ല. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്. നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങൾ പരിഹസിക്കുന്നത്. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാവില്ല’- മറ്റൊരു ട്വീറ്റിലൂടെ ഹെന്ത് പറഞ്ഞു.