കുവൈറ്റിൽ നിന്ന് നാട്ടിലെത്തി ക്വാറന്റൈൻ പൂർത്തിയായ ശേഷം ഗർഭിണിക്ക് കോവിഡ്

പാലക്കാട് : കുവൈറ്റിൽ നിന്ന് നാട്ടിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ ഗർഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 13നാണ് ഒന്നേകാൽ വയസ്സുള്ള മകനോടൊപ്പം യുവതി കുവൈറ്റിൽ നിന്ന് പാലക്കാടുള്ള വീട്ടിലെത്തിയത്. ഗർഭിണികൾക്കുള്ള ഇളവനുസരിച്ച് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു.

14 ദിവസത്തെ ക്വാറന്റൈനിനു ശേഷം നടത്തിയ പരിശോധന ഫലം ആദ്യം ലഭ്യമായില്ല.
എന്നാൽ നഗരസഭ ഓഫീസിൽ നിന്ന് ക്വാറന്റൈൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നേടിയിരുന്നു. ഇതിനുശേഷമാണ് കോവിഡ് ഫലം വരികയും പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തത്.

ഇതോടെ നഗരസഭയിലെ നാല് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കൂടാതെ യുവതി താമസിക്കുന്ന പാലക്കാട് ജില്ലയിലെ പുറത്തൂർ നോർത്ത് വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.