ക്യൂബൻ മെഡിക്കൽ സംഘത്തിന്റെ സേവനം ഇനി കുവൈത്തിലും

കുവൈത്ത് സിറ്റി :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിജയം കൈവരിച്ച ക്യൂബൻ മെഡിക്കൽ സംഘം കുവൈത്തിൽ എത്തി. കൊറോണ വ്യാപനത്തിൽ പെട്ടുപോയ രാജ്യത്തെ സഹായിക്കാനായി 300 അംഗ മെഡിക്കൽ സംഘമാണ് കുവൈറ്റിൽ കഴിഞ്ഞദിവസം എത്തിയത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച പരിചയസമ്പന്നരായ ഒരു കൂട്ടം ഡോക്ടർമാരും നഴ്സുമാരും ആണ് കുവൈറ്റിനെ സഹായിക്കാനായി എത്തിയിരിക്കുന്നത്.

കുവൈറ്റ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഇവരുടെ സേവനം ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബുൽ റഹ്മാൻ അൽ മുടൈരി അറിയിച്ചു. അടുത്ത ആറുമാസക്കാലം ഇവരുടെ സേവനം കുവൈത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒട്ടേറെ രാജ്യങ്ങളിലേക്ക് കൊറോണ രോഗബാധിതരെ പരിപാലിക്കാനായി പുറപ്പെട്ട ക്യൂബൻ സംഘം കുവൈറ്റിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കാൻ എത്തിയത് അഭിമാനകരവും സന്തോഷകരവുമാണെന്ന് ക്യൂബൻ അംബാസറ്റർ ഹൊസെലൂസ് നോറോഗ അഭിപ്രായപ്പെട്ടു.