സിവിൽ ഐഡി ഇല്ലാത്ത പ്രവാസികൾക്കും നാട്ടിലേക്ക് മടങ്ങാം

കുവൈറ്റ് സിറ്റി: സിവിൽ ഐ ഡി ഇല്ലാത്ത പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം. എന്നാൽ ഇത്തരക്കാർക്ക് നിയമാനുസൃതമായ താമസ രേഖയും, സിവിൽ കാർഡ് ലഭിക്കുന്നതിനാവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കിയവരും ആയിരിക്കണം. കൂടാതെ ഇവരുടെ പാസ്പോർട്ടിലെയും താമസ രേഖയിലും ലാറ്റിൻ പേരുകൾക്ക് വ്യത്യാസം ഉണ്ടാകാൻ പാടുള്ളതല്ല. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഈ നിർദേശങ്ങളെല്ലാം ഉള്ളവർക്ക് സിവിൽ ഐഡി കാർഡുകൾ ഇല്ലാതെ തന്നെ നാട്ടിലേക്ക് പോകാം.

നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാൻ സിവിൽ ഐഡി കാർഡുകൾ നിർബന്ധമാക്കിയിരുന്നു. എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ സിവിൽ ഐഡി ലഭ്യമാക്കുന്ന പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷൻ ഓഫീസുകൾ പ്രവർത്തനാനുമതി ഇല്ലാത്തതിനാലാണ് ഈ തീരുമാനം. ഇത്തരം സിവിൽ ഐഡി ഇല്ലാത്ത യാത്രക്കാർക്ക് യാത്ര അനുമതി നൽകണമെന്നുള്ള ആഭ്യന്തരമന്ത്രാലയത്തിലെ അറിയിപ്പ് ലഭിച്ചതായി വിമാനത്താവള സുരക്ഷ സേന അറിയിച്ചു.