കുവൈത്തിൽ ചിലയിടങ്ങളിൽ ബുധനാഴ്ച മുതൽ പള്ളികൾ തുറക്കും

കുവൈറ്റ് സിറ്റി: കൊറോണ വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് അടച്ചിട്ട പള്ളികൾ ചിലയിടങ്ങളിൽ ബുധനാഴ്ച മുതൽ തുറക്കാൻ തീരുമാനമായി. മോഡൽ റസിഡൻഷ്യൽ ഏരിയകളിലെയും, ജനസംഖ്യ കുറവുള്ള പ്രദേശങ്ങളിലെയും പള്ളികളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇസ്ലാമിക് അഫയേഴ്സ് മന്ത്രി ഡോ.ഫഹദ് അൽ അഫാസി മാധ്യമങ്ങളുമായി സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ 10 ബുധനാഴ്ച മുതൽ വിശ്വാസികൾക്ക് അഞ്ച് നേരത്തെ നിസ്കാരത്തിനായി പള്ളികൾ തുറന്നു നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പള്ളികളെല്ലാം അണുവിമുക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വ്യാപനത്തോടെ അനുബന്ധിച്ച് മാർച്ച് മുതൽ പള്ളികൾ അടച്ചിരുന്നു. അതിനു ശേഷം ബുധനാഴ്ചത്തെ ദുഹ്ർ നമസ്കാരത്തോടെ പള്ളികൾ തുറന്നു പ്രവർത്തിക്കും. എന്നാൽ വെള്ളിയാഴ്ച നമസ്കാരം കുവൈറ്റ് സിറ്റിയിലെ ഗ്രാൻഡ് മസ്ജിദിൽ അവിടുത്തെ ഇമാമും ജീവനക്കാരും മാത്രമായി നിർവഹിക്കും. ഒഫീഷ്യൽ കുവൈറ്റ് ടിവിയിലൂടെ അതിന്റെ സംപ്രേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.