കുവൈത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തും

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഇപ്പോൾ നടപ്പാക്കുന്ന ഭാഗിക ലോക്ക് ഡൗണിന്റെ അഞ്ചാംഘട്ടത്തോടുകൂടി വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ രാജ്യത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തും. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ആരോഗ്യ ആഭ്യന്തര വിദേശകാര്യ മന്ത്രാലയവുമായി ഹെൽത്ത് റെഗുലേഷൻ സുപ്രീം കമ്മിറ്റി മുന്നോട്ടു വെച്ചു. കൂടാതെ ക്വാറന്റൈൻ ചിലവ് പ്രവാസികളിൽ നിന്ന് തന്നെ ഈടാക്കും. അല്ലാത്ത പക്ഷം അവരുടെ സ്പോൺസറോ കമ്പനിയോ ക്വാറന്റൈൻ ചെലവ് ഏറ്റെടുക്കണം.

രാജ്യത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികൾ അംഗീകൃത ആശുപത്രികളിൽ നിന്ന് പിസിആർ ടെസ്റ്റ് നടത്തി കോവിഡ് ബാധ്യധിതനല്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. ഇത്തരം നിർദേശങ്ങളാണ് യോഗം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇവയെല്ലാം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു.

കോവിഡ് ബാധിതനല്ല എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്ത പ്രവാസികളെ യാത്ര ചെയ്യാൻ അനുവദിക്കുന്ന വിമാന കമ്പനികൾക്കെതിരെ നിയമ നടപടിയും പിഴയും ചുമത്തുമെന്നും നിർദ്ദേശത്തിൽ മുന്നോട്ട് വെച്ചിട്ടുണ്ട്.