കെഎംസിസിയുടെ ചാർട്ടേർഡ് വിമാന സർവീസ് ആരംഭിച്ചു

കുവൈറ്റ് സിറ്റി : ലോക്ക് ഡൗൺ കാരണം കുവൈത്തിൽ കുടുങ്ങി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി കുവൈത്ത് കെഎംസിസി ഏർപ്പെടുത്തുന്ന ചാർട്ടേർഡ് വിമാന സർവീസുകൾ ആരംഭിച്ചു. ആദ്യ ദിനം രണ്ട് വിമാനങ്ങളിലായി രണ്ട് കൈ കുഞ്ഞുങ്ങളടക്കം 346 പേർ നാടുകളിലേക്ക് യാത്രതിരിച്ചു.

കുവൈറ്റ് കെഎംസിസിയും അൽ ഹിന്ദ് ട്രാവൽസും സംയുക്തമായി ചേർന്നാണ് വിമാന സർവിസുകൾ ഏർപ്പെടുത്തുന്നത്. അവർക്കാവശ്യമായ മാസ്ക്, ഗ്ലൗസ് , ലഘുപാനീയങ്ങൾ എന്നിവ അടങ്ങിയ കിറ്റും യാത്രക്കാർക്ക് സംഘടന നൽകിയിരുന്നു. അടുത്ത ദിവസവും വിമാന സർവീസ് ഷെഡ്യൂൾ ചെയ്തതായും തുടർന്നുള്ള സർവീസുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കെഎംസിസി വെബ്സൈറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം യാത്ര ചെയ്യേണ്ട സ്ഥലത്തേക്കായി രൂപീകരിച്ച സമിതികളുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു