രണ്ടാംഘട്ട കർഫ്യൂ സമയ ക്രമീകരണം പരിഗണനയിൽ

കുവൈറ്റ് സിറ്റി : രാജ്യത്ത് നിലവിൽ നടപ്പാക്കുന്ന ഭാഗിക ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടം ജൂൺ 21 ന് അവസാനിച്ച് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ നടപ്പാക്കേണ്ട സമയ ക്രമീകരണം സർക്കാർ പരിഗണനയിൽ. കൂടാതെ രണ്ടാംഘട്ടത്തിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചും മന്ത്രിസഭ ആലോചിച്ച് വരികയാണ്. നിലവിലെ രോഗവ്യാപന തോതും നിയന്ത്രണ നടപടികളും അടിസ്ഥാനമാക്കി നിരവധി ശുപാർശകളാണ് സുപ്രീം മിനിസ്ട്രിയൽ കമ്മിറ്റി മന്ത്രിസഭയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ടുള്ളത്.

എന്നാൽ സ്വദേശികൾക്ക് രോഗം സ്ഥിരീകരിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ രണ്ടാംഘട്ടത്തിൽ നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരും എന്നാണ് നിഗമനം. രണ്ടാംഘട്ടത്തിൽ കർഫ്യു സമയം രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ ആക്കി കുറക്കുന്നത് ആലോചിച്ചിരുന്നു. എന്നാൽ ഇത് സോഷ്യൽ റസിഡൻഷ്യൽ ഏരിയകളിലെ ആളുകൾക്കിടയിൽ ഒത്തുചേരലുകൾ വർധിച്ച് രോഗവ്യാപനം കൂടാൻ സാധ്യതയുള്ളതായി ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആയതിനാൽ രാത്രി ആറു മണി മുതൽ രാവിലെ 4 മണി വരെ എന്ന സമയക്രമം നിലവിൽ വരാനാണ് സാധ്യത.