കോവിഡ് സർട്ടിഫിക്കറ്റ്: സംസ്ഥാന സർക്കാർ നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും 

പ്രവാസികള്‍ക്ക് തിരികെ നാട്ടിലെത്തുന്നതിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി ക്കെതിരെ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന്
പരിഗണിക്കും. വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് മന്ത്രാലയം അറിയിക്കണ്ടത്. അതേ സമയം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് പി.സി.ആര്‍ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റ് മതിയെന്നും, ഇതിനുള്ള സജ്ജീകരണങ്ങൾ സർക്കാർ ഇടപെട്ട് നടപ്പിലാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം നാട്ടിലേക്ക് മടങ്ങിയെത്താനാഗ്രഹിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ഹൈക്കോടതി തീരുമാനം നിർണ്ണായകമാണ്.