പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയെ അംഗീകരിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

വിദേശത്തു നിന്നും ചാർട്ടേർഡ് വിമാനങ്ങളിൽ  മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ അഫിഡവിറ്റ് സമർപ്പിച്ചു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഉൾപ്പെടെയുള്ളവർ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള ഇത്തരമൊരു നടപടി.  എന്നാൽ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തെ കേന്ദ്ര സർക്കാർ അംഗീകരിച്ചത് എന്നത് സംബന്ധിച്ചും, ചാർട്ടേർഡ് വിമാനങ്ങൾക്കും, വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള സർവീസുകൾക്കും ഒരേ പ്രോട്ടോക്കോൾ തന്നെയാണോ പിന്തുടരുന്നത് എന്നത് സംബന്ധിച്ചും വിശദമായ സത്യവാങ്മൂലം നൽകുവാൻ ഹൈക്കോടതി  നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കും.