കുവൈത്തിൽ ഇന്റർനെറ്റ് വേഗത ഇനി ഉപഭോക്താക്കൾക്ക് പരിശോധിക്കാം

കുവൈത്ത് സിറ്റി : ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് വേഗത പരിശോധിക്കാൻ പുതിയ വെബ്സൈറ്റ്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയാണ് ഇത്തരത്തിൽ ഒരു അവസരം ഒരുക്കിയിരിക്കുന്നത്. http://speed.ix.kw എന്ന വെബ്സൈറ്റ് പോർട്ടലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഇന്റർനെറ്റ് വേഗത പരിശോധിക്കാൻ കഴിയും.

ഇതിലൂടെ എല്ലാ നെറ്റ്‌വർക്കുകളും നൽകുന്ന ഇന്റർനെറ്റ് ഗുണനിലവാരം സംബന്ധിച്ച വിവരം ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും. കൂടാതെ ഏറ്റവും മികച്ച സേവനം നൽകുന്ന കമ്പനിയെയും മനസ്സിലാക്കാം. ഇത് ഉപഭോക്താക്കൾക്ക് നെറ്റ്‌വർക്ക് മാറ്റുന്നതിനോ തുടരുന്നത്തിനോ സംബന്ധിച്ച് തീരുമാനം എടുക്കാനും സഹായിക്കും. ഇതുവഴി എല്ലാ നെറ്റ്‌വർക്ക് കമ്പനികളും മികച്ച സേവനം നൽകാൻ നിർബന്ധിതരാകും. ലോക്ക് ഡൗണിനെ തുടർന്ന് നെറ്റ്‌വർക്ക് ഉപയോഗം കൂടിയതിനാൽ ഇന്റർനെറ്റ് വേഗത കുറഞ്ഞു എന്ന പരാതിയിലാണ് ഉപഭോക്താക്കൾ. ഫോണിലെ ഇന്റർനെറ്റ് വേഗത പരിശോധിക്കുമ്പോൾ വൈഫൈ ഓഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം വൈഫൈയിലൂടെ ലഭിക്കുന്ന ഇന്റർനെറ്റ്ന്റെ വേഗതയാണ് പരിശോധിക്കുക.