ലോക് ഡൗൺ ദുരിതത്തിൽ മഹ്ബൂല നിവാസികൾ

കുവൈത്ത് സിറ്റി : രണ്ടു മാസത്തിലേറെയായി നടപ്പാക്കുന്ന സമ്പൂർണ ലോക്ഡൗണിൽ ദുരിതമനുഭവിച്ച് മഹ്ബൂല നിവാസികൾ. നിരവധി കുടുംബങ്ങളാണ് ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയിലായിട്ടുള്ളത്. വരുമാനമില്ലാത്തതിനാൽ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഏറെ കഷ്ടപ്പെടുകയാണ് ഇവർ. ഭക്ഷണത്തിനായി ചാരിറ്റബിൾ സൊസൈറ്റികളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

കഴിഞ്ഞ നാല് മാസത്തോളമായി ശമ്പളം ഇല്ലാത്തതിനെ തുടർന്ന് പലചരക്ക് കടകളിൽ നിന്നും കടം വാങ്ങിയാണ് ഇവർ ഭക്ഷണം കണ്ടെത്തുന്നതെന്നും ചില തൊഴിലാളികൾ പറഞ്ഞു. ചാരിറ്റികൾ ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നത് വലിയ ആശ്വാസമാണ്. കഴിഞ്ഞ ദിവസം നാമ ഫൗണ്ടേഷൻ 5800 ഭക്ഷണ കിറ്റുകൾ ഇവിടെ വിതരണം ചെയ്തിരുന്നു.

എന്നാൽ സമീപ ദിവസങ്ങളിൽ പ്രദേശത്തു കോവിഡ് രോഗ ബാധ സ്ഥിരീകരിക്കുന്നതിൽ കുറവുള്ളതിനാൽ വൈകാതെ തന്നെ സമ്പൂർണ്ണ ലോക്ക് ഡൗൺ മഹ്ബൂലയിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് നിവാസികൾ പ്രതീക്ഷിക്കുന്നത്.