ഫർവാനിയ, ജലീബ്, മഹ്‌ബൂല പ്രദേശങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും

കുവൈത്ത് സിറ്റി : രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ രണ്ടാംഘട്ടം ജൂൺ 30ന് ആരംഭിക്കുമ്പോൾ, ഫർവാനിയ, ജലീബ്, മഹ്ബൂല എന്നീ പ്രദേശങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ കർശന നിയന്ത്രണങ്ങളോടുകൂടി തന്നെ തുടരാൻ മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം ഗവൺമെന്റ് വക്താവ് താരിഖ് അൽ മുസ്‌റാം ആണ് വ്യക്തമാക്കിയത്.

രണ്ടാംഘട്ടത്തിലെ കർഫ്യൂ സമയം രാത്രി 8 മണി മുതൽ രാവിലെ അഞ്ചു മണി വരെയാക്കി ക്രമീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ ജൂൺ 30 മുതൽ ഷോപ്പിങ് മാളുകളും തുറക്കാൻ സർക്കാർ അനുമതി ലഭിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് മാളുകൾക്ക് പ്രവർത്തനാനുമതിയുള്ളത്. 30 ശതമാനം ജീവനക്കാരുമായി സർക്കാർ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.