നാട്ടിലേക്ക് മടങ്ങിയെത്തുന്ന മുഴുവൻ പ്രവാസികളും കോവിഡ് ജാഗ്രത പോർട്ടലിൽ  രജിസ്റ്റർ ചെയ്യണം

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മുഴുവൻ പ്രവാസികളും സർക്കാരിന്റെ കോവിഡ് ജാഗ്രത പോർട്ടലിൽ  രജിസ്റ്റർ ചെയ്യണം. ചാർട്ടേർഡ് സർവീസുകളുൾപ്പെടെ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നതോടെ എയർപോർട്ടിലെ ചെക്ക് ഔട്ടും, തുടർന്നുള്ള ക്വാറന്റൈൻ സംവിധാനങ്ങളും സുഗമമാക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം.

പോർട്ടലിലെ പബ്ലിക് സർവീസസ്‌ വിൻഡോയിൽ ഇന്റർനാഷണൽ റിട്ടേണീസ് എന്ന ഓപ്ഷൻ ഉപയോഗിച്ചാണ്‌ രജിസ്റ്റർ ചെയ്യേണ്ടത്. യാത്ര ടിക്കറ്റ് എടുത്ത ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ചാർട്ടേർഡ് വിമാനങ്ങളോടൊപ്പം തന്നെ, കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക ചാർട്ടേർഡ് വിമാനങ്ങളിൽ മടങ്ങിയെത്തുന്നവർക്കും ഈ നിർദ്ദേശം ബാധകമാണ്.

ഇമെയിലോ ഏതെങ്കിലും ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ചോ രജിസ്‌ട്രേഷൻ നടത്താം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ ഒരു രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. ഇതു ഉപയോഗിച്ചു എയർപോർട്ടിലെ ചെക്ക് ഔട്ട് പെട്ടന്ന് പൂർത്തിയാക്കാൻ സാധിക്കും.

ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്ന സന്നദ്ധ സംഘടനകളും, വ്യക്തികളും അതിലെ യാത്രക്കാരായ മുഴുവൻ ആളുകളും  രജിസ്ട്രേഷൻ പൂർത്തിയാക്കി എന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.