വാണിജ്യ വിമാനസർവീസുകളുടെ ആദ്യഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കും

കുവൈറ്റ് സിറ്റി : കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് നിർത്തിവെച്ച വാണിജ്യ വിമാന സർവ്വീസുകളുടെ ആദ്യഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 30% സർവീസുകൾ മാത്രമായിരിക്കും നടക്കുക. പ്രതിദിനം 60 മുതൽ 100 വരെ വിമാന സർവീസുകൾ നടപ്പിലാക്കാണ് ആലോചിക്കുന്നത്.

കോവിഡ് മുക്ത സർട്ടിഫിക്കറ്റുകൾ ആവശ്യമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തുന്നതിനു മുന്നേ പരിശോധന നടത്തണം. കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് അതാത് രാജ്യങ്ങളിൽ നിന്നുള്ള കോവിഡ് മുക്ത സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം.

ആദ്യഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ 2021 ജനുവരി 31 വരെയും, രണ്ടാം ഘട്ടം 2021 ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെയും, മൂന്നാംഘട്ടം 2021 ഓഗസ്റ്റ് 1 മുതലും ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 60% വിമാന സർവീസുകളും മൂന്നാംഘട്ടത്തിൽ പൂർണമായും ആരംഭിക്കും.