പ്രവാസികൾക്ക് തിരിച്ചടിയാകുന്ന നിയന്ത്രങ്ങളുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് തിരിച്ചടിയായി നിയന്ത്രണങ്ങൾ കടുപ്പിച്ച് കുവൈറ്റ് സർക്കാർ.നാട്ടിൽ കഴിയുന്ന പ്രവാസികൾക്കാണ് പുതിയ തീരുമാനങ്ങൾ തിരിച്ചടിയാകുക.കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ വിമാന യാത്ര നിരോധിക്കുന്നതിന് മുൻപ് അനുവദിച്ച എല്ലാ എൻട്രി വിസകളുടെയും കാലാവധി അവസാനിച്ചതായി താമസ കുടിയേറ്റ വിഭാഗം അറിയിച്ചു.നേരത്തെ രാജ്യത്ത് തുടരുന്നവരുടെ മുഴുവൻ എൻട്രി വിസകളുടെയും കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു.എന്നാൽ കമ്പ്യൂട്ടർ സംവിധാനത്തിൽ സ്വീകരിക്കപെടാത്തതിനാൽ നിലവിൽ ഇവയുടെ കാലാവധി നീട്ടിനൽകൽ തടസ്സപ്പെട്ടിരിക്കുന്നതായി അധികൃതർ വ്യക്തമാക്കി.ഇതിന്റെയടിസ്ഥാനത്തിൽ വിമാനയാത്ര നിർത്തലാക്കുന്നതിനു മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായ ഫെബ്രുവരി 24 നോ,അതിനു മുൻപോ പുതുതായി അനുവദിച്ച വിനോദ, സന്ദർശക,സഞ്ചാര,ഗാർഹിക,തൊഴിൽ,കുടുംബ വിസകളിൽ രാജ്യത്തേക്ക് കടക്കാനാകില്ല.പുതിയ സംവിധാനം വരുന്നത് വരെ ഈ വിഭാഗത്തിൽ പെട്ടവർ കാത്തിരിക്കേണ്ടി വരും.എന്നാൽ നിലവിൽ രാജ്യത്ത് കഴിയുന്നവർക്ക് ഇത് ബാധകമായിരിക്കില്ല.അതേ സമയം പാസ്‌പോർട്ടിന്റെ കാലാവധി നിബന്ധനകളടക്കമുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ നിലവിൽ രാജ്യത്തിനു പുറത്ത് കഴിയുന്നവരുടെ താമസ രേഖ പുതുക്കുന്നതിന് ബുദ്ധിമുട്ടുകളില്ല.