കുവൈത്തിൽ സർക്കാർ വകുപ്പുകളിലെ വിദേശികളായ കരാർ ജീവനക്കാരിൽ പകുതിപ്പേരെ പിരിച്ചുവിടുന്നു

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 50 % പേരെ പിരിച്ചു വിടുന്നു.​. സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുന്നതി​ന്റെ ഭാഗമായാണ് ഈ ​ നടപടി. നിരവധി തൊഴിലാളികള്‍ക്ക്​ ഇതിനകം പിരിച്ചുവിടല്‍ നോട്ടീസ്​ നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്​ ചെയ്​തു. സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരെ പല ഘട്ടങ്ങളിലായി പിരിച്ചു വിടും. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ നേരിട്ട്​ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളെയും പിരിച്ചുവിട്ടിരുന്നു.

സ്വദേശിവത്​കരണ ഭാഗമായി വിദേശികളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്​ നിര്‍ദേശം നല്‍കിയതായി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലിഹ്​ എം.പി പറഞ്ഞു. ഇതു സംബന്ധിച്ച്‌​ പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട്​ തയാറാക്കാന്‍ അടുത്തയാഴ്​ച സമിതി യോഗം ചേരുമെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മേഖലയില്‍ 100 ശതമാനം സ്വദേശിവത്​കരണം സാധ്യമാക്കാന്‍ സിവില്‍ സര്‍വിസ്​ കമീഷന്‍ ശക്​തമായ നടപടികളെടുക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.