മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ ; 11 പേർ മരിച്ചു 55 പേരെ കാണാതായി

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൻ അപകടം. 11 പേർ മരിച്ചു 12പേരെ രക്ഷപ്പെടുത്തി. 55പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ രാജമല മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് പെട്ടിമുടി തോട്ടംമേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. രണ്ട് ലയങ്ങള്‍ പൂര്‍ണമായി ഒലിച്ചുപോയെന്നാണ് വിവരം. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഏറെ വൈകിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായത്. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇപ്പോഴും മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തേക്ക് എത്തും . വ്യോമസേനയുടെ സംഘവും മെഡിക്കല്‍ ടീമും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്