കരിപ്പൂര്‍ വിമാനപകടം;പൈലറ്റും രണ്ട് യാത്രക്കാരും മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. പൈലറ്റ് തത്ക്ഷണം മരിച്ചു.
രണ്ട് യാത്രക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സഹപൈലറ്റ് ആരോഗ്യനില അതീവ ഗുരുതരമാണ്. കനത്തമഴയെ തുടര്‍ന്നാണ് വിമാനം തെന്നിമാറിയതെന്നാണ് സൂചന.
ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.8:15 ഓടെയാണ് അപകടം നടന്നത്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.