കുവൈത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് : നാലാം ഘട്ടം നാളെ മുതൽ ആരംഭിക്കും

കുവൈത്ത്‌ സിറ്റി : കോവിഡ് വ്യാപനത്തിന്റെ ‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ്‌ വരുത്തി ജന ജീവിതം സാധാരണ നിലയിലേക്ക്‌ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അഞ്ച്‌ ഘട്ടപദ്ധതിയുടെ നാലാം ഘട്ടം നാളെ മുതൽ ആരംഭിക്കും. ബാർബർ ഷോപ്പുകൾ ,വനിതാ സലൂണുകൾ , ഹെൽത്‌ ,സ്പോർട്ട്സ് ‌ സ്ഥാപനങ്ങൾ , ബസ്‌ സർവ്വീസുകൾ മുതലായവയാണു ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുക.ഇതിനു പുറമേ റെസ്റ്റോറന്റുകളിൽ അകത്തു നിന്നുള്ള സർവ്വീസുകളും പുനരാരംഭിക്കും. റെസ്റ്റോറന്റുകളിൽ ഒരോ മേശകൾക്കും ഇടയിൽ 2 മീറ്റർ അകലം പാലിച്ചു കൊണ്ടായിരിക്കണം സീറ്റുകൾ ക്രമീകരിക്കേണ്ടത്‌. ഓരോ മേശകളിലും അണു വിമുക്ത ലായിനി ഉണ്ടായിരിക്കണം. ആദ്യ ഘട്ടത്തിൽ പ്ലേറ്റുകൾ , സ്പൂൺ , കത്തി, മുള്ള്‌, ഗ്ലാസ്‌ മുതലായവക്ക്‌ പകരം ഡിസ്പോസിബിൾ ഉൽപ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ഹാളുകളിൽ വലിയ ജനക്കൂട്ടം കൂടി ചേരാൻ പാടില്ല. പൊതു ഗതാഗത സംവിധാനത്തിലെ പ്രധാന ശ്രോതസ്സായ ബസ്‌ സർവ്വീസുകളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പ്രവർത്തനം ആരംഭിക്കുക. സാമൂഹിക അകലം പാലിച്ചു കൊണ്ട്‌ പരമാവധി 30 ശതമാനം യാത്രക്കാരെ മാത്രമേ ബസിൽ അനുവദിക്കുകയുള്ളൂ. എല്ലാ യാത്രക്കാരും മാസ്ക്‌ , കയ്യുറ മുതലായവ ധരിക്കണം. ഡ്രൈവറുടെ സഹായമില്ലാതെ യാത്രക്കാർക്ക്‌ ഓടോമാറ്റിക്‌ സംവിധാനത്തിലൂടെ ടിക്കറ്റ്‌ ലഭിക്കുന്നതായിരിക്കും. ബസിൽ കയറുന്നതിനു മുമ്പ്‌ ഓരോ യാത്രക്കാരെയും ശരീരോഷ്മാവ്‌ പരിശോധനക്ക്‌ വിധേയരാക്കും. ഡ്രൈവർക്കും യാത്രക്കാർക്കും ഇടയിൽ മറ സ്ഥാപിക്കുന്നതാണു.ഓരോ ട്രിപ്പുകൾക്ക്‌ ശേഷവും ബസ്‌ അണുമുക്തമാക്കും. രാത്രി 7 മണി വരെയാണു സർവ്വീസ്‌ ഉണ്ടായിരിക്കുക.