കുവൈത്തിൽ സന്ദർശ്ശക വിസയിൽ എത്തിയവർ ഈ മാസം 31 ന് മുൻപ് രാജ്യം വിടണം – ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ സന്ദർശ്ശക വിസയിൽ എത്തി നിലവിൽ രാജ്യത്ത്‌ കഴിയുന്നവർ ഈ മാസം 31നു മുമ്പ്‌ രാജ്യം വിടണമെന്ന് ആഭ്യന്തരമന്ത്രാലയം. എന്റ്രി വിസയിൽ എത്തിയവരും രാജ്യത്തെ സ്ഥിരം താമസ രേഖ അവസാനിക്കുന്നവരും ഓഗസ്ത്‌ 31നു മുമ്പായി വിസ പുതുക്കുന്നതിനോ സ്റ്റാമ്പ്‌ ചെയ്യുന്നതിനോ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ മാധ്യമം റിപ്പോർട്ട്‌ ചെയ്തു. കൊറോണ വൈറസ്‌ പശ്ചാത്തലത്തിൽ ഈ വിഭാഗങ്ങൾക്ക്‌ മന്ത്രാലയം അനുവദിച്ച സമയ പരിധിയുടെ അവസാന തിയ്യതി ഓഗസ്ത്‌ 31 നു അവസാനിക്കും. എല്ലാ വിഭാഗത്തിൽ പെട്ട വിസകളും ഈ കാല പരിധിക്കിടയിൽ സ്വമേധയ പുതുക്കി നൽകിയിരുന്നു.കൊറോണ വൈറസ്‌ പശ്ചാത്തലത്തിൽ മന്ത്രി സഭാ തീരുമാന പ്രകാരം നാലു ലക്ഷത്തി അയ്യായിരത്തോളം പേർക്കാണു ഈ സൗകര്യം അനുവദിച്ചത്‌. ഇവരിൽ രണ്ടു ലക്ഷത്തി അറുപതിനായിരം പേർ മാത്രമാണു ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റ്‌ വഴി താമസ രേഖ പുതുക്കുകയോ അല്ലെങ്കിൽ കാലാവധി നീട്ടുകയോ ചെയ്തത്‌.അവശേഷിക്കുന്ന ഒരു ലക്ഷത്തി നാൽപത്തി അയ്യാരത്തോളം പേർ ഇപ്പോഴും ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടില്ല. ഇവർ ഈ മാസം 31നു മുമ്പായി തന്നെ ആഭ്യന്തരമന്ത്രാല യത്തിന്റെ വെബ്‌ സൈറ്റിൽ പ്രവേശിച്ചു താമസ രേഖ നിയമ വിധേയമാക്കേണ്ടതാണു. അല്ലാത്തപക്ഷം ഇവരെ നിയമലംഘകരായി കണക്കാക്കുകയും ഇവർക്കെതിരെ പിഴ ചുമത്തുകയും ചെയ്യും. ഇതിനു പുറമെ ഇവരെ നിയമപരമായ നടപടികൾക്ക്‌ വിധേയരാക്കുന്നതാണ് .
കുടുംബ , വാണിജ്യ സന്ദർശ്ശക, വിനോദ സഞ്ചാര വിസയിൽ രാജ്യത്ത്‌ എത്തിയവർ ഈ മാസം 31നു മുമ്പ്‌ രാജ്യം വിടേണ്ടതാണു. ഈ വിഭാഗത്തിൽ പെട്ടവരുടെ വിസാ കാലാവധി നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി . ഇത്‌ ലംഘിക്കുന്നവർക്കെതിരെ പിന്നീട്‌ രാജ്യത്ത്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തുകയും ഇവരുടെ സ്പോൺസർക്കെതിരെ പിഴ ചുമത്തുകയും ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രാലയ വൃത്തങ്ങൾ മുന്നറിയിപ്പ്‌ നൽകി.