സ്‌പോൺസർഷിപ് അവസാനിപ്പിക്കാൻ നടപടികൾ ഉണ്ടാകണം:കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി.

കുവൈത്ത് സിറ്റി :സ്‌പോൺസർഷിപ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്ന് കുവൈത്ത് മനുഷ്യാവകാശ സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സുതാര്യമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള റിക്രൂട്ട്മെന്റ് സംവിധാനം നടപ്പിൽ വരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധയിടങ്ങളിലായി തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദർശനം പതിവാക്കണം.തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വിദേശികൾക്കും തൊഴിൽ സംഘടനകളിൽ പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും തൊഴിൽ സമിതി ശുപാർശ ചെയ്തു. ഗാർഹിക തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവമായി കാണണം. തൊഴിലുടമകൾ ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ട്‌ പിടിച്ചുവെക്കുന്ന പ്രവണത അവസാനിപ്പിക്കണം. പിരിച്ചുവിടപ്പെടുന്ന ഗാർഹിക തൊഴിലാളികൾക്ക് മറ്റൊരിടത്ത് തൊഴിൽ ചെയ്യാനുള്ള അനുമതി നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.