ജിലീബ്‌ അൽ ശുയൂഖിലെ ഫീൾഡ്‌ ആശുപത്രി ഈ വർഷം അവസാനം വരെ നിലനിർത്തും

കോവിഡ് ‌ പശ്ചാത്തലത്തിൽ ജിലീബ്‌ അൽ ശുയൂഖിൽ സ്ഥാപിച്ച ഫീൾഡ്‌ ആശുപത്രി ഈ വർഷം അവസാനം വരെ നിലനിർത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ആശുപത്രി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമസ്ഥരായ സ്പോർട്ട്സ് ‌ യുവജന കാര്യ അധികൃതരുമായി നടത്തിയ ചർച്ചയിലാണു ധാരണയായത്‌. ജിലീബ്‌ അൽ ശുയൂഖ്‌ പ്രദേശത്ത്‌ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്നാണു പ്രദേശവാസികളുടെ സൗകര്യാർത്ഥം ഫീൾഡ്‌ ആശുപത്രി സജ്ജീകരിച്ചത്‌.ഇത്‌ വഴി ഫർവ്വാനിയ ആശുപത്രിയിലെ തിരക്ക്‌ നിയന്ത്രിക്കുവാൻ സാധിച്ചിരുന്നു. എന്നാൽ ലോക്ക്‌ ഡൗൺ അവസാനിച്ചതോടെ ഇവിടെ സന്ദർശ്ശകരുടെ എണ്ണം കുറഞ്ഞു. തുടർന്ന് ഈ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വരുന്ന ശൈത്യ കാലത്ത്‌ കോവിഡ് വ്യാപനത്തിനുള്ള സാധ്യത മുൻ നിർത്തിയാണു ആശുപത്രി ഈ വർഷം അവസാനം വരെ നില നിർത്താൻ തീരുമാനമായിരിക്കുന്നത്