കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷം നടന്നു

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷം നടന്നു .തിങ്കളാഴ്ച ഉച്ചയ്ക്ക് എംബസിയില്‍ നടന്ന ആഘോഷ പരിപാടി സ്ഥാനപതി സിബി ജോര്‍ജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടിയോടനുബന്ധിച്ച്‌ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. ഇതിനു പുറമേ എംബസിയിലെത്തിയ മുഴുവന്‍പേര്‍ക്കും പായസവും മധുരവിതരണവും നടത്തി.

ഇന്ത്യയിലും കുവൈത്തിലുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും സ്ഥാനപതി ഓണാശംസകള്‍ നേര്‍ന്നു. സാധാരണ രീതിയില്‍നിന്നും വിഭിന്നമായി കൊവിഡ് കാലത്തെ ഈ ആഘോഷ പരിപാടി തികച്ചും നവ്യാനുഭവമാണെന്ന് സ്ഥാനപതി അഭിപ്രായപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇത് ആദ്യമായാണു ഇന്ത്യന്‍ എംബസിയില്‍ ഔദ്യോഗികമായി ഓണാഘോഷം സംഘടിപ്പിക്കുന്നത്.