കോവിഡ് വാക്സിൻ : കുവൈത്തിൽ 4 ദശലക്ഷം ഡോസ് ഇറക്കുമതി ചെയ്യാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ കോവിഡിനെതിരെയുള്ള 4 ദശലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി ‌ റിപ്പോർട്ട്. 5 രാജ്യങ്ങളിൽ നിന്നായിരിക്കും ഇവ ഇറക്കുമതി ചെയ്യുക.പുതുതായി കണ്ടു പിടിക്കപ്പെട്ട ഈ വാക്സിൻ, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഫലപ്രദമാണെന്ന് തെളിയുകയും ഇതിനു ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുകയും ചെയ്ത ശേഷവുമായിരിക്കും അന്തിമ അനുമതി നൽകുക എന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നത്. നവംബർ മാസത്തോടെ ബ്രിട്ടനിൽ നിന്നുള്ള വാക്സിൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്‌.പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കുകയുമാണു. 30,000 രോഗികളിൽ ഇത് വിജയകരമായി പരീക്ഷിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ ഈ വാക്സിനു അംഗീകരം ലഭിക്കാത്തിരിക്കുകയാണെങ്കിൽ ,വാക്സിൻ ഇറക്കുമതി ചെയ്യാൻ മന്ത്രാലയം ബാധ്യസ്ഥരല്ലെന്നും ഓക്സ്ഫോർഡ് സർവകലാശാലയുമായുള്ള ഇറക്കുമതി കരാർ റദ്ദാക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. വാക്സിൻ കുവൈത്തിൽ എത്തിയ ശേഷമായിരിക്കും ഇവ ഏതൊക്കെ രോഗികൾക്ക്‌ അനുവദിക്കണമെന്ന കാര്യങ്ങൾ തീരുമാനിക്കുക.